മാലിന്യമുക്തം നവകേരളം; 50,000 സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്‌

New Kerala becomes garbage-free; Scholarships for 50,000 school students
New Kerala becomes garbage-free; Scholarships for 50,000 school students

പാനൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 50,000 സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. വലിച്ചെറിയൽ മനോഭാവം മാറ്റിയെടുക്കാനും ശാസ്ത്രീയ മാലിന്യ പരിപാലനശീല വ്യാപനത്തിനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സഹായകമായ പ്രവർത്തനങ്ങളായിരിക്കും സ്കോളർഷിപ്പിനാധാരം. മാലിന്യമുക്തം നവകേരളം 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖയിലാണ് ഇക്കാര്യമുള്ളത്. മാലിന്യമുക്തം നവകേരളം കാംപെയ്നിൽ വിദ്യാർഥികളും യുവജനങ്ങളും സജീവമായി രംഗത്തിറങ്ങിയത് വലിയ മാറ്റമുണ്ടാക്കാൻ സഹായിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

tRootC1469263">

പൊതുയിടങ്ങൾ വൃത്തിയായി പരിപാലിക്കുക, വലിച്ചെറിയൽ ഇല്ലാതാക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നിവയാണ് തുടർ പ്രവർത്തന കർമപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മാലിന്യസംസ്കരണ സംവിധാനങ്ങൾ ആധുനികീകരിക്കുക, പൊതുയിടങ്ങളിൽ മാലിന്യക്കൊട്ടകൾ ഉറപ്പാക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ഇടപെടലുകൾക്കൊപ്പം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. നവംബർ ഒന്നുവരെ എല്ലാമാസവും മൂന്നാം ശനിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തണം.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിലവിലുള്ള നിരോധനം തുടരും. ഓഡിറ്റോറിയങ്ങൾ, റസ്റ്ററന്റ് തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചുലിറ്ററിന് താഴെയുള്ള കുപ്പിവെള്ളവും രണ്ടുലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പിയിലെ ലഘു പാനീയങ്ങളും നിരോധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന നിലവാരം വിലയിരുത്തൽ റിപ്പോർട്ട് ഒക്ടോബർ രണ്ടിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രസിദ്ധപ്പെടുത്തും. ഈ റിപ്പോർട്ട് ചർച്ചചെയ്യാൻ ഒക്ടോബർ രണ്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിൽ ഗാന്ധിസ്മൃതി ശുചിത്വസഭ നടത്തണമെന്നും നിർദേശമുണ്ട്‌.

Tags