പ്രകൃതി വാതക പൈപ്പ് ലൈന്‍ ; കൊച്ചി - തൂത്തുക്കുടി പദ്ധതിക്ക് അംഗീകാരം

gas
2448.70 കോടി രൂപ നിക്ഷേപത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് തിങ്കളാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

കൊച്ചി: കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് 2,448.70 കോടി രൂപ നിക്ഷേപത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് തിങ്കളാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

കൊച്ചിയില്‍ നിന്ന് കന്യാകുമാരി വഴി തൂത്തുക്കുടി വരെയുള്ള ഈ വാതകശൃംഖല 426.65 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ദക്ഷിണേന്ത്യയില്‍ പ്രകൃതിവാതക ലഭ്യത ശക്തിപ്പെടുത്താന്‍ പര്യാപ്തമാണ് പദ്ധതി. പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോര്‍ഡ് പദ്ധതിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു.

രാജ്യത്തുടനീളം പ്രകൃതിവാതക ശൃംഖല വികസിപ്പിക്കുന്നതിനും, വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഭാരത സർക്കാർ നടപ്പിലാക്കിവരുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ നിക്ഷേപം വരുന്നത്. പരിസ്ഥിതിക്ക് അനുയോജ്യമായതും കൂടുതൽ ശുദ്ധവുമായ ഇന്ധന ബദലുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ആകെ ഊർജ്ജ ഉപയോഗത്തിൽ പ്രകൃതിവാതകത്തിന്റെ പങ്ക് ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് കരുതപ്പെടുന്നു.

പ്രതിദിനം 6.84 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാതകം വഹിക്കാനുള്ള ശേഷിയാണ് നിര്‍ദിഷ്ട പദ്ധതിക്കുണ്ടാവുക. അതായത് ദിവസം 68.4 ലക്ഷം ക്യുബിക് മീറ്റര്‍ വാതകം ഇതിലൂടെ കൊണ്ടുപോകാനാകും.

ഇതില്‍ മറ്റ് വിതരണക്കാര്‍ക്കായി നീക്കിവയ്ക്കുന്ന കോമണ്‍ കാരിയര്‍ ശേഷി 17.1 ലക്ഷം സ്റ്റാന്‍ഡേഡ് ക്യൂബിക് മീറ്ററായിരിക്കും. അതായത് 25 ശതമാനം മറ്റുള്ളവര്‍ക്കും ഉപയോഗിക്കാം. 2030ഓടെ റോഡുവഴി ടാങ്കറുകളില്‍ വാതകം കൊണ്ടുപോകുന്നത് അവസാനിപ്പിക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ മേഖലകളിലും പ്രകൃതിവാതകം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

Tags