കൊല്ലം ദേശീയപാത 66-ന്റെ നിർമ്മാണത്തിലിരിക്കുന്ന റോഡിൽ വീണ്ടും വിള്ളൽ

Another crack in the road under construction on National Highway 66 in Kollam

 കൊല്ലം : കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ ചെപ്പള്ളിമുക്ക് ഭാഗത്ത് ദേശീയപാത 66-ന്റെ നിർമ്മാണത്തിലിരിക്കുന്ന റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. നൂറുമീറ്ററോളം ദൂരത്തിൽ കാണപ്പെട്ട വിള്ളലുകൾ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ടാറും മണലും ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ അധികൃതർ നടത്തിയ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തിനും വാക്കേറ്റത്തിനും ഇടയാക്കി. റോഡ് നിർമ്മാണം ഏറെക്കുറെ പൂർത്തിയായെങ്കിലും ഗതാഗതത്തിനായി തുറന്നുനൽകിയിട്ടില്ലാത്ത ഭാഗത്താണ് ഈ വിള്ളലുകൾ ഉണ്ടായിരിക്കുന്നത്.

രണ്ടുമാസം മുൻപ് ഇതേ ഭാഗത്ത് മണ്ണ് താഴ്ന്നതിനെത്തുടർന്ന് ഭിത്തി തള്ളിവന്ന സംഭവം ഉണ്ടായിരുന്നു. അന്ന് പരാതിയെത്തുടർന്ന് മണ്ണ് നീക്കം ചെയ്ത് ബലപ്പെടുത്തിയെങ്കിലും വീണ്ടും വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കയുണർത്തുന്നുണ്ട്. മഴവെള്ളം വിള്ളലുകളിലൂടെ താഴേക്ക് ഊർന്നിറങ്ങുന്നത് കൂടുതൽ അപകടസാധ്യത വർധിപ്പിക്കുന്നു. മൂന്നുദിവസം മുൻപ് നീരാവിൽ ഭാഗത്തും സമാനമായ രീതിയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഇത്തരം നിർമ്മാണപ്പിഴവുകൾ പരിഹരിക്കുന്നതിന് പകരം ടാർ ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാൻ ശ്രമിക്കുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags