ദേശീയ കഥകളി മഹോത്സവത്തിന് വെള്ളിയാഴ്ച സമാപനം ; നിറഞ്ഞ സദസ്സിൽ ‘കല്യാണസൗഗന്ധികം’; ഭീമനും ഹനുമാനും അരങ്ങിൽ വിസ്മയം തീർത്തു
കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകളുടെ സാഹിത്യസൗന്ദര്യവും കഥാപാത്രസൃഷ്ടിയിലെ വൈവിധ്യവും അഭിനയത്തിലെ സൂക്ഷ്മതകളും പ്രേക്ഷകർക്ക് നേരിട്ടനുഭവിക്കാനുള്ള അവസരമാണ് മഹോത്സവം ഒരുക്കിയത്. കേരളത്തിന്റെ കഥകളി പാരമ്പര്യത്തിൽ കോട്ടയത്ത് തമ്പുരാൻ വഹിച്ച നിർണായക പങ്കിനെ പുതുതലമുറയിലേക്കും കലാസ്വാദകരിലേക്കും എത്തിക്കുന്നതിലും മഹോത്സവം ശ്രദ്ധേയമായി.
മുഴക്കുന്ന് : കഥകളിയുടെ പൈതൃകഭൂമിയായ മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രാങ്കണത്തിൽ ഒരാഴ്ചയായി അരങ്ങേറിവരുന്ന കോട്ടയത്ത് തമ്പുരാൻ ദേശീയ കഥകളി മഹോത്സവത്തിന് വെള്ളിയാഴ്ച ധനാശിയോടെ സമാപനം. കോട്ടയത്ത് തമ്പുരാന്റെ വിഖ്യാത ആട്ടക്കഥകളെ ആസ്പദമാക്കി നടക്കുന്ന മഹോത്സവം കഥകളിയുടെ ചരിത്രവും സാഹിത്യവും അഭിനയപാരമ്പര്യവും ഒരേ വേദിയിൽ സമന്വയിപ്പിക്കുന്ന സാംസ്കാരിക സംഗമമായി മാറി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി നാലാം തവണയാണ് മുഴക്കുന്നിൽ കോട്ടയത്ത് തമ്പുരാൻ ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുന്നത്. സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ. കെ. ഗോപാലകൃഷ്ണന്റെയും കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാന്റെയും മേൽനോട്ടത്തിലാണ് മഹോത്സവത്തിലെ കഥകളി അവതരണങ്ങൾ നടക്കുന്നത്.

കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകളുടെ സാഹിത്യസൗന്ദര്യവും കഥാപാത്രസൃഷ്ടിയിലെ വൈവിധ്യവും അഭിനയത്തിലെ സൂക്ഷ്മതകളും പ്രേക്ഷകർക്ക് നേരിട്ടനുഭവിക്കാനുള്ള അവസരമാണ് മഹോത്സവം ഒരുക്കിയത്. കേരളത്തിന്റെ കഥകളി പാരമ്പര്യത്തിൽ കോട്ടയത്ത് തമ്പുരാൻ വഹിച്ച നിർണായക പങ്കിനെ പുതുതലമുറയിലേക്കും കലാസ്വാദകരിലേക്കും എത്തിക്കുന്നതിലും മഹോത്സവം ശ്രദ്ധേയമായി.
നിറഞ്ഞ സദസ്സിൽ ‘കല്യാണസൗഗന്ധികം’
ബുധനാഴ്ച അരങ്ങേറിയ ‘കല്യാണസൗഗന്ധികം’ കഥകളിയുടെ അവസാനഭാഗം നിറഞ്ഞ സദസ്സിൽ ശ്രദ്ധേയമായി. ഭീമനും ഹനുമാനും തമ്മിലുള്ള കൂടിക്കാഴ്ചയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും അരങ്ങിൽ ആവേശകരമായി അവതരിപ്പിച്ചു.
ശക്തിയുടെയും വിനയത്തിന്റെയും ആത്മബോധത്തിന്റെയും സന്ദേശങ്ങൾ ഒരേസമയം പകരുന്ന ഭീമ–ഹനുമാൻ രംഗങ്ങൾ ആസ്വാദകർക്ക് ഏറെ ഹൃദ്യമായി. കഥാപാത്രങ്ങളുടെ ചലനങ്ങളിലും മുദ്രകളിലും മുഖാഭിനയത്തിലും സംഗീതത്തിലും മേളത്തിലും കഥകളിയുടെ പാരമ്പര്യസൗന്ദര്യം നിറഞ്ഞുനിന്നു.
ഇന്ന് ‘കലാകേയവധം’ ആദ്യഭാഗം
മഹോത്സവത്തിന്റെ സമാപനത്തിന് മുന്നോടിയായി വ്യാഴാഴ്ച ‘നിവാതകവച കാലകേയവധം’ കഥകളിയുടെ ആദ്യഭാഗം അരങ്ങേറും.
കോട്ടയത്ത് തമ്പുരാന് തന്റെ ഗുരുനാഥനായ ഗോവിന്ദശാസ്ത്രികളുടെ മുക്തകണ്ഠ പ്രശംസ ലഭിച്ച ആട്ടക്കഥയായാണ് ‘നിവാതകവച കാലകേയവധം’ വിശേഷിപ്പിക്കപ്പെടുന്നത്. പുരാണകഥാപശ്ചാത്തലത്തിനൊപ്പം കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും ശാപവും വീരഭാവവും സമന്വയിക്കുന്നതാണ് കഥയുടെ പ്രത്യേകത.
ഇന്ദ്രൻ, മാതലി, വജ്രബാഹു, വജ്രകേതു, അർജുനൻ, ഊർവശി, സഖി, നിവാതകവചൻ, ഭീരു, നന്ദികേശൻ, കാലകേയൻ തുടങ്ങിയവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. ഇതിൽ ഊർവശീശാപം കഥയുടെ പ്രധാന വഴിത്തിരിവായി മാറുന്നു.
ആദ്യഭാഗത്തിൽ സദനം മണികണ്ഠൻ, കലാമണ്ഡലം സൂര്യകിരൺ, കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം വിഘ്നേഷ്, കലാമണ്ഡലം പാർഥസാരഥി, കലാമണ്ഡലം നിതിൻ ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ അരങ്ങിലെത്തും.
പൈതൃകഭൂമിയിൽ കഥകളിയുടെ ആഘോഷം
കോട്ടയത്ത് തമ്പുരാന്റെ ജീവിതവും സാഹിത്യവും കഥകളിയുടെ രൂപവത്കരണത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളും വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് മുഴക്കുന്നിൽ നടന്ന മഹോത്സവത്തിന് പ്രത്യേക പ്രസക്തി കൈവന്നത്. കഥകളിയുടെ ചരിത്രത്തിൽ നിർണായകമായ സാംസ്കാരിക ഭൂമികയായ മുഴക്കുന്നിൽ തന്നെയാണ് കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകൾ തുടർച്ചയായി അരങ്ങേറിയത് എന്നതും മഹോത്സവത്തിന്റെ സവിശേഷതയായി.
മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രഭരണസമിതിയുടെയും ചെറുതുരുത്തി കഥകളി സ്കൂളിന്റെയും സഹകരണത്തോടെയാണ് മഹോത്സവത്തിലെ കഥകളി അവതരണങ്ങൾ നടന്നുവരുന്നത്. ക്ഷേത്രാങ്കണത്തിൽ ദിവസങ്ങളോളം നിറഞ്ഞ സദസ്സിൽ അരങ്ങേറിയ കഥകളി അവതരണങ്ങൾ കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപോലെ വേറിട്ട അനുഭവമായി.
കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥകളെ കേന്ദ്രീകരിച്ച് ഏഴുദിവസമായി നടന്നുവരുന്ന മഹോത്സവത്തിന് വെള്ളിയാഴ്ച നടക്കുന്ന ധനാശിയോടെ തിരശ്ശീല വീഴും. കഥകളിയുടെ പൈതൃകഭൂമിയിൽ കോട്ടയത്ത് തമ്പുരാന്റെ കലാസ്മരണകൾക്ക് അരങ്ങൊരുക്കിയ മഹോത്സവത്തിന്റെ സമാപനവും പാരമ്പര്യത്തിന്റെയും കലാസൗന്ദര്യത്തിന്റെയും ആഘോഷമായി മാറും.
.jpg)


