നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം
ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻഐഡിഎം) [പ്ലോട്ട് നമ്പർ 15, പോക്കറ്റ്-3, ബ്ലോക്ക്-ബി, സെക്ടർ-29, രോഹിണി, ഡൽഹി-110042] 2025-26 വർഷത്തെ ശൈത്യകാല സെഷനിലെ (ഒക്ടോബർ 2025 മുതൽ ജനുവരി 2026 വരെ) സ്റ്റൈപ്പെന്‍ഡ് അധിഷ്ഠിത ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
2005-ലെ ദുരന്തനിവാരണ നിയമപ്രകാരം ദുരന്തനിവാരണമേഖലയിൽ പരിശീലനം, ഗവേഷണം, ഡോക്യുമെന്റേഷൻ, ബോധവത്‌കരണ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻഐഡിഎം.
ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഭാവിപൗരരെ പങ്കാളികളാക്കി, അതിനെക്കുറിച്ച് ബോധവത്‌കരിക്കുകയും ദുരന്തനിവാരണ സംവിധാനവുമായി ബന്ധിപ്പിക്കുകയുമാണ് ഇന്റേൺഷിപ്പിന്റെ ലക്ഷ്യം. കൂടാതെ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പുതിയ ആശയങ്ങൾ നൽകാനും സാങ്കേതികവിദ്യ നവീകരിക്കാനുള്ള ശ്രമങ്ങളിലേക്കുമാണ് ഇന്റേൺമാരെ പ്രവേശിപ്പിക്കുന്നത്.
മേഖലകൾ
മേഖലകളിൽ ചിലത്: ജെൻഡർ ഇഷ്യൂസ് ആൻഡ് സ്പെഷ്യൽ നീഡ്സ്, ഡിസാസ്റ്റർ റിസ്ക് റിഡക്‌ഷൻ (ഡിആർആർ) ഇൻ ജിയോഗ്രഫിക്കൽ പ്ലാനിങ്, കോസ്റ്റൽ ഡിആർആർ, ഹിൽ ഏരിയ ഡിആർആർ, ഇൻഡസ്ട്രിയൽ ഡിആർആർ, കൾച്ചറൽ ഹെറിറ്റേജ്, സൈക്കോ സോഷ്യൽ ആൻഡ് ട്രോമ കെയർ, പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്‌മെൻറ്, റെസ്പോൺസ് റിലീഫ് ആൻഡ് റിക്കവറി, ഫൈനാൻഷ്യൽ റസലിയൻസ്, ഏർളി വാണിങ് കമ്യൂണിക്കേഷൻ, പോസ്റ്റ് ഡിസാസ്റ്റർ റീ കൺസ്ട്രക്‌ഷൻ, സൈബർ ഡിസാസ്റ്റർ മാനേജ്‌മെൻറ്, ക്ലൈമറ്റ് റെസിലിയൻസ് ആൻഡ് എൻവയൺമെൻറ് തുടങ്ങിയവ.
ഇന്റേൺഷിപ്പിന്റെ കാലാവധി കുറഞ്ഞത് എട്ടാഴ്ചയും പരമാവധി 16 ആഴ്ചയും ആയിരിക്കും. ലഭ്യതയുടെ അടിസ്ഥാനത്തിൽ ഓരോ ഇന്റേണിനും എൻഐഡിഎമ്മിൽ ഓഫീസ് സ്പേസ്, ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ തുടങ്ങിയവ നൽകും. പ്രവർത്തനം ഡൽഹിയിലോ വിജയവാഡയിലോ (ആന്ധ്രാപ്രദേശ്) ആയിരിക്കും. താമസത്തിനും ഗതാഗതത്തിനുമുള്ള ക്രമീകരണങ്ങൾ ഇന്റേൺമാർതന്നെ നടത്തണം.
യോഗ്യത
അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പ്രവേശനം. ഡിസാസ്റ്റർ മാനേജ്മെന്റിൽ അണ്ടർ ഗ്രാജ്വേറ്റ് ബിരുദ പ്രോഗ്രാമിൽ അവസാന വർഷത്തിൽ/സെമസ്റ്ററിൽ പഠിക്കുന്നവർ, അല്ലെങ്കിൽ അടുത്തിടെ ബിരുദം നേടിയവർ എന്നിവരെ ബിരുദ വിഭാഗത്തിൽ പരിഗണിക്കും.
ഇന്ത്യയിൽനിന്നോ വിദേശത്തുനിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലോ എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമിലോ പഠിക്കുന്നവർ അല്ലെങ്കിൽ ഇവയിൽ ഒരു യോഗ്യത നേടിയവർ എന്നിവരെ പോസ്റ്റ് ഗ്രാേജ്വറ്റ് വിഭാഗത്തിൽ പരിഗണിക്കും.
ഇരുവിഭാഗം അപേക്ഷകർക്കും അവസാന ബിരുദപ്രോഗ്രാമിൽ/അവസാന സെമസ്റ്ററിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് വേണം.
സ്റ്റൈപ്പെന്‍ഡ്
യുജി ഇന്റേൺമാർക്ക് പ്രതിമാസം 12,000 രൂപ നിരക്കിലും ബിരുദാനന്തര ബിരുദ വിഭാഗം ഇന്റേൺമാർക്ക് പ്രതിമാസം 15,000 രൂപ നിരക്കിലും സ്റ്റൈപ്പെന്‍ഡ് നൽകും. മറ്റൊരു അലവൻസും നൽകില്ല.
അപേക്ഷ
വിജ്ഞാപനം nidm.gov.inൽ ലഭ്യമാണ്. അപേക്ഷ/സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകൾ, നിർദിഷ്ട ഫോർമാറ്റിൽ (വിജ്ഞാപനത്തിന്റെ അനുബന്ധം-I) സിവിക്കൊപ്പം നൽകണം.
പ്രോഗ്രാം ഏറ്റെടുക്കുന്നതിന്, അവർക്ക് താത്‌പര്യമുള്ള ഡിവിഷൻ/എൻഐഡിഎം മേഖല, അപേക്ഷയിൽ വക്തമാക്കണം. നിലവിൽ ഒരു ഡിഗ്രി പ്രോഗ്രാം ചെയ്യുന്നവർ അതത് സർവകലാശാല/കോളേജ് വഴി അനുബന്ധം II ഉൾപ്പെടുത്തി അപേക്ഷിക്കേണ്ടതുണ്ട്.
പൂരിപ്പിച്ച അപേക്ഷയുടെ (ബാധകമായ രേഖകൾ സഹിതം) പിഡിഎഫ് ഫോർമാറ്റിലുള്ള സോഫ്റ്റ് കോപ്പി internship.nidm@nidm.gov.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അതിന്റെ കോപ്പി (സിസി) ed.nidm@nic.in ലേക്കും മെയിൽ ചെയ്യണം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി: ഓഗസ്റ്റ് 15.
.jpg)


