നവ കേരള സദസ് എന്നല്ല നാടുവാഴി സദസ് ; വി.മുരളീധരന്‍

google news
v muralidharan

തിരുവനന്തപുരം: നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതിന്റെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ജനങ്ങളെ കാണാന്‍ പണ്ടുകാലത്ത് നാടുവാഴികള്‍ എഴുന്നള്ളുന്നത് പോലെയാണ് പിണറായിയുടെ നാടുവാഴി സദസെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ കാര്യം ചോദിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്ല പെന്‍ഷന്‍ കാര്യവും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ജനങ്ങളെ കാണിക്കാന്‍ പറ്റാത്ത അത്ര ആഡംബരമാണ് ബസ്സിനുള്ളിലെന്ന് മുരളീധരന്‍ പറഞ്ഞു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞു വരുമ്പോള്‍ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പര്യടനം.

Tags