നബാർഡ് വായ്പ ലഭിച്ചു; ജലജീവൻ മിഷൻ പ്രതിസന്ധി അയഞ്ഞു

nabard

തിരുവനന്തപുരം: നബാർഡിന്റെ വായ്പത്തുക ലഭിച്ചതോടെ ജൽജീവൻ മിഷൻ പദ്ധതിയിൽ  തുടരുന്ന പ്രതിസന്ധി അയയുന്നു. ഈ സാമ്പത്തികവർഷം 5000 കോടി രൂപയാണ് വായ്പ ലഭിച്ചത്. ഈ തുകയിൽനിന്ന് കരാറുകാരുടെ കുടിശ്ശിക നൽകാനുള്ള നടപടികൾ തുടങ്ങി. ഇതോടെ നിശ്ചലാവസ്ഥയിലായിരുന്ന നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് ജല അതോറിറ്റിയുടെ പ്രതീക്ഷ.

tRootC1469263">

7000 കോടി രൂപയോളമാണ് കരാറുകാർക്ക് കുടിശ്ശികയുള്ളത്. അടുത്ത ആഴ്ചയോടെ മുൻഗണന ക്രമത്തിൽ തുക വിതരണം ചെയ്യും. വായ്പത്തുക സംസ്ഥാന സർക്കാർ വിഹിതമായാണ് കണക്കാക്കുക. സംസ്ഥാന സർക്കാരിനുവേണ്ടി ജല അതോറിറ്റി നേരിട്ടാണ് വായ്പ എടുത്തത്.

അതേസമയം, ഈ സാമ്പത്തിക വർഷം അവസാനിക്കാറിയിട്ടും കേന്ദ്രസർക്കാർ വിഹിതം ലഭിച്ചിട്ടില്ല. കേന്ദ്രവും സംസ്ഥാനവും തുല്യമായാണ് പണം ചെലഴിക്കുന്നത്. സംസ്ഥാന സർക്കാർ വിഹിതമായി 5000 കോടി ലഭിച്ചതോടെ കേന്ദ്ര സർക്കാർ വിഹിതമായും ഇത്രയും തുക ആവശ്യപ്പെടാനാകും.

കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ 1.7 ലക്ഷം കോടി ജൽജീവൻ മിഷന് അനുവദിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ പദ്ധതി നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയതോടെ പണം അനുവദിക്കുന്നത് നിർത്തിവച്ചു. തുക വിതരണം ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കിയിട്ടില്ല. ഈ മാസം നടക്കുന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

490 കോടിയാണ് കഴിഞ്ഞ വർഷം കേന്ദ്രവിഹിതമായി ജല അതോറിറ്റി ആവശ്യപ്പെട്ടത്. 5000 കോടികൂടി ചെലവഴിച്ചാൽ ഇത്രയും തുകയും കൂടി കേന്ദ്രവിഹിതമായി ആവശ്യപ്പെടാം. 9000 കോടി രൂപയാണ് ജല അതോറിറ്റി നബാർഡിൽനിന്ന് വായ്പ എടുത്തിട്ടുള്ളത്. അടുത്ത സാമ്പത്തികവർഷം ബാക്കി 4000 കോടിയും ലഭിക്കും. ഏപ്രിലോടെ കേന്ദ്ര-സംസ്ഥാന വിഹിതമായി 18,000 കോടി രൂപയോളം ലഭിക്കും.

രണ്ടുവർഷം മൊറട്ടോറിയം കഴിഞ്ഞ് മൂന്നാംവർഷം മുതൽ വായ്പ തിരിച്ചടയ്ക്കണം. ജൽജീവൻ മിഷൻ വഴി പുതിയതായി ലഭിക്കുന്ന കണക്‌ഷനുകളുടെ വരുമാനത്തിൽനിന്ന് നടത്തിപ്പ് ചെലവ് കഴിഞ്ഞുള്ള തുക വായ്പ തിരിച്ചടവിനുപയോഗിക്കണമെന്നാണ് ഉത്തരവ്. ബാക്കി തുക സംസ്ഥാന സർക്കാർ ഗ്യാപ് വായ്പയായി നൽകുമെന്നാണ് ഉത്തരവിലുള്ളത്. 45,000 കോടിയാണ് സംസ്ഥാനത്ത് ജൽജീവൻ മിഷൻ വഴി മൊത്തം ചെലവഴിക്കുക.

Tags