ചെങ്ങന്നൂരിലെ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും
74 കാരന്റേത് പ്രായാധിക്യത്തെ തുടര്‍ന്നുള്ള മരണമാണെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ലെന്നും സഹോദരന്‍ ഗബ്രിയേല്‍ അന്ന് നിലപാടെടുത്തിരുന്നു
ആലപ്പുഴ ചെങ്ങന്നൂരില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹത എന്ന പരാതിയില്‍ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. പുലിയൂര്‍ സ്വദേശി യേശുദാസിന്റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് പുറത്തെടുക്കുന്നത്. മാര്‍ച്ച് 20നാണ് ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി യേശുദാസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 74 കാരന്റേത് പ്രായാധിക്യത്തെ തുടര്‍ന്നുള്ള മരണമാണെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ലെന്നും സഹോദരന്‍ ഗബ്രിയേല്‍ അന്ന് നിലപാടെടുത്തിരുന്നു. ഇതോടെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി മൃതദേഹം സംസ്‌കരിച്ചു.
വിദേശത്തായിരുന്ന മരുമകള്‍ ലീന ബിന്‍സ് നാട്ടിലെത്തി സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോള്‍ എല്ലാം ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. തുടര്‍ന്ന് മരുമകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വത്ത് കൈക്കലാക്കാന്‍ യേശുദാസിനെ അപായപ്പെടുത്തിയതാണെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുമായിരുന്നു ആവശ്യം. മരുമകള്‍ നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള കോടതി ഉത്തരവ്. ചെങ്ങന്നൂര്‍ തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ രാവിലെ പത്ത് മണിയോടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കും.
.jpg)

