പരീക്ഷയ്ക്കായി ബന്ധുവീട്ടില്‍ താമസിച്ചിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത ; അന്വേഷണം ക്രൈംബ്രാഞ്ചിന്

suicide

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുറവൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യില്‍ സാജന്‍ ആന്റണിയുടെ മകള്‍ ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിനയെ പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരവെ കഴിഞ്ഞ ജനുവരി 18നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മഹാരാഷ്ട്ര സ്വദേശിയും നിലവില്‍ കൊല്ലത്ത് താമസിച്ച് സ്വര്‍ണ്ണക്കട നടത്തുന്നതുമായ പ്രതീപ് എന്നയാളില്‍ നിന്ന് ഫെബിനയ്ക്ക് നിരന്തരമായി പീഡനവും ഭീഷണിയും നേരിട്ടിരുന്നതായും, ഇയാള്‍ മുന്‍പ് പലതവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതീപിന്റെ നിരന്തര ശല്യം കാരണം പഠനം അവസാനിപ്പിച്ചിരുന്ന ഫെബിന, പരീക്ഷയെഴുതാന്‍ മാത്രമായി കൊല്ലത്ത് എത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ആലപ്പുഴയില്‍ നിന്ന് മാതാപിതാക്കള്‍ എത്തുന്നതിനുമുന്‍പ് തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയത് മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. കൂടാതെ മൃതദേഹത്തില്‍ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നതായും ചുണ്ടില്‍ മുട്ടുസൂചി കുത്തിത്തറച്ച നിലയിലായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഫെബിനയുടെ മരണത്തില്‍ വലിയ അസ്വാഭാവികതയുണ്ടെന്നും, സംഭവത്തില്‍ കൊട്ടിയം പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഈ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

Tags