നഴ്സ് ലെനയുടെ മരണത്തിൽ ദുരൂഹത, കുഴിമന്തി കഴിച്ച ശേഷം മരിച്ചെന്ന് ആൺ സുഹൃത്തുക്കൾ; വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Mystery surrounds nurse Lena's death, male friends say she died after eating kuzhimanthi; postmortem report shows poison ingested

കൊച്ചി: പാലക്കാട് സ്വദേശിനിയായ നഴ്സ് ആലുവയിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോൺ (25)മാർച്ച് 24നാണ് മരിച്ചത്. തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന മാർച്ച് 24ന് രാവിലെ പരീക്ഷ എഴുതാനെന്ന് പറഞ്ഞ് എറണാകുളത്തേക്ക് എത്തിയിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം കിട്ടിയ വിവരം.

എന്നാൽ, ആലുവയിൽ തങ്ങളോടൊപ്പം ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പിന്നീട് അറിയിച്ചത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദം കുറഞ്ഞ ലെനയെ സുഹൃത്തുക്കളായ യുവാക്കൾ ചേര്‍ന്നാണ് ആലുവയിലെ നജാത്ത് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ ഇവിടെ വെച്ച് ലെന മരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ച യുവാക്കളില്‍ ഒരാള്‍ താന്‍ 'ഡോക്ടര്‍' ആണെന്ന് വ്യാജേനയാണ് സംസാരിച്ചത്. ലെന ​ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ച ഇവര്‍, മിനിറ്റുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ച് വീണ്ടും വിളിക്കുകയായിരുന്നു എന്നും പറയുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നതാണ് മരണ കാരണമെന്ന സൂചനയുണ്ടെന്നും ഇതിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മകളെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ രണ്ട് യുവാക്കൾക്ക് പങ്കുണ്ടെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തലേ ദിവസം നഴ്സിങ് സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിലേക്ക് പോകുന്നുണ്ടെന്ന് മകൾ അറിയിച്ചതായി പിതാവ് പറഞ്ഞു. സംഭവ ദിവസം രാവിലെ അമ്മയുമായി മകൾ സംസാരിച്ചിരുന്നുവെന്നും പിന്നീട് നാല് മണിക്കൂറിന് ശേഷം മരണപ്പെട്ട വിവരമാണ് ലഭിച്ചതെന്നും കുടുംബം പറഞ്ഞു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയായിരുന്നു ലെന. നഴ്സിംഗ് സമരങ്ങളിലും പങ്കെടുത്തിരുന്നു. ആദ്യം ഭക്ഷ്യവിഷബാധ ആണെന്നായിരുന്നു സംശയം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണെന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags