'മോഹന്‍ലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത'; അന്വേഷണം വേണമെന്ന് പരാതിക്കാരന്‍

Mohanlal

കൃത്യമായ അന്വേഷണം വേണമെന്ന് അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു.

നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് ശേഖരത്തില്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം എന്തിന് മറച്ചുവച്ചു എന്ന് പരാതിക്കാരുടെ അഭിഭാഷകന്‍. രണ്ടു ജോഡി ആനക്കൊമ്പിന്റെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്തി മൂന്ന് ജോഡി ആദ്യം മറച്ചുവച്ചതില്‍ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്ന് അഡ്വ. എബ്രഹാം പി മീഞ്ചങ്കര ആവശ്യപ്പെട്ടു.

തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി മലയാറ്റൂര്‍ ഡിഎഫ്ഒ കാര്‍ത്തിക് പറഞ്ഞു. ആനക്കൊമ്പുകള്‍ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

നേരത്തെ മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2015ലും 2016ലും ഇത് മോഹന്‍ലാലിന് കൈവശം സൂക്ഷിക്കാനായി അധികാരപ്പെടുത്തി ഉത്തരവിറക്കുകയും പിന്നീട് വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു. ഇതാണ് കോടതി നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ആ നിയമനടപടികള്‍ ഹൈക്കോടതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് വനംവകുപ്പിന്റെ ഒറ്റത്തവണ പരാതി തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കൂടുതല്‍ ആനക്കൊമ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്. ഇതോടെ 5 ജോഡി ആനക്കൊമ്പുകളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളതെന്ന് വ്യക്തമായി.


 

Tags