എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023 : ജയിലില്‍ കയറാന്‍ വന്‍ തിരക്ക്

കാസർഗോഡ് : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയ ജയില്‍ സ്റ്റാളില്‍ കയറാന്‍ ആളുകളുടെ വന്‍ തിരക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാത്യകയിലാണ് സ്റ്റാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലഹരി എന്നെ ജയിലറയിലെത്തിച്ചു.. ലഹരി ഉപേക്ഷിക്കൂ.. ജീവിതം ലഹരിയാക്കൂ.. എന്ന സന്ദേശം തടവുകാരന്‍ ജയിലറയില്‍ നിന്നു പറയുന്ന മാത്യകയില്‍ നിര്‍മ്മിച്ച സെല്‍ ഏറെ ആകര്‍ഷണീയമാണ്. ജയിലറയില്‍ വെച്ച് സെല്‍ഫിയെടുക്കുവാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ ലഹരിക്കെതിരെ നിര്‍മ്മിച്ച നോ ടു ഡ്രഗ്സ് എന്ന് ആലേഖനം ചെയ്ത പേപ്പര്‍ പേനകള്‍, നെറ്റിപ്പട്ടം, വിവിധ വര്‍ണ്ണങ്ങളിലുള്ള കുടകള്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, വനിതാ ജയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍, ചെരുപ്പ്, എന്നിവയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍ ജയിലിലെ തടവറയില്‍ കഴിയുന്ന അവസരത്തില്‍ പരോളിനു അപേക്ഷിച്ച രേഖകള്‍, ഇ.എം. എസ്, എ.കെ.ജി എന്നിവരുടെ സന്ദര്‍ശക റിപ്പോര്‍ട്ടുകള്‍ എന്നിവ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജയിലിലെ തൂക്കുമരം, തൂക്ക് കയര്‍, തൂക്കിലേറ്റുന്ന രീതി എന്നിവയെ കുറിച്ചും ജയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍, തുറന്ന ജയില്‍ ചീമേനി, സ്പെഷ്യല്‍ സബ്ബ് ജയില്‍ കാസര്‍കോട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ മേളയുടെ ഉദ്ഘാടന ദിവസം സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.