എം.വി ജയരാജന്‍ ഉപരോധ സമരം നടത്തേണ്ടത് കൊച്ചി കോര്‍പ്പറേഷനലേക്ക്: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

martin

കണ്ണൂര്‍: കണ്ണൂര്‍കോര്‍പ്പറേഷനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ തുനിയുന്ന എം.വി ജയരാജനും കൂട്ടരും കൊച്ചിന്‍ കോര്‍പ്പറേഷനിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തേണ്ടത്. അവിടെ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം ജനങ്ങള്‍ ശ്വാസം കിട്ടാതെ കൊച്ചി വിട്ട് പോവുകയാണ്.  

സോണ്‍ട എന്ന വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയെ രക്ഷിക്കാന്‍ ബ്രഹ്മപുരത്ത് തീയിട്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് സര്‍ക്കാരിനെയും കൊച്ചിന്‍ കോര്‍പ്പറേഷനെയും സി പി എം പാര്‍ട്ടിയെയും ആകെ മൂടിയ അഴിമതിയുടെ വലിയ പുക മറച്ച് വെച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ ആരോപണങ്ങളും സമരങ്ങളുമായി രംഗത്ത് വരുന്നത് പൊതു ജനം പുച്ഛിച്ചു തള്ളുന്നതാണ് .
കോര്‍പ്പറേഷന്‍ പരിധിയിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ റോഡുകള്‍ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നെറ്റ് വര്‍ക്ക് പ്രവൃത്തിക്കായി കീറിയതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അത് മാര്‍ച്ച് 31 നുള്ളില്‍ പുനസ്ഥാപിക്കുമെന്ന് മേയര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പ്രകാരം പ്രവൃത്തികള്‍ നടന്നുവരികയുമാണ്. 

പലയിടത്തും ടാറിംഗ് നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ് എന്ന് ഇന്നത്തെ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുമാണ്. പ്രവൃത്തി സമയബന്ധിതമായി നടക്കുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ സി പി എം സമര നാടകവുമായി  വരികയാണ്. ജവഹര്‍ സ്റ്റേഡിയം സംബന്ധിച്ച കാര്യങ്ങള്‍ മേയര്‍ നേരത്തേ പലതവണ വ്യക്തമാക്കിയതാണ്. ജവഹര്‍ സ്റ്റേഡിയം ചുളുവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പിടിയിലാക്കാനുള്ള ഗൂഡതന്ത്രം മനസ്സിലാക്കിയാണ് കിഫ്ബി ഫണ്ട് വഴിയുള്ള പദ്ധതി നടപ്പിലാക്കാത്തത്. കോര്‍പ്പറേഷന്റെ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി വരെ ഈ നിര്‍ദ്ദേശം നിരാകരിച്ചതുമാണ്. ഇപ്പോള്‍ കോര്‍പ്പറേഷന്റെ ഫണ്ടുപയോഗിച്ച് അവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്.

ചേലോറ ശ്മശാനം വൈദ്യുതീകരണത്തിനുള്ള ടെണ്ടര്‍ നല്‍കിയിട്ടുണ്ട്.  അത് പൂര്‍ത്തിയായാല്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായുള്ള ജനകീയ കമ്മിറ്റിക്ക് നേരത്തേ തന്നെ രൂപം കൊടുത്തിട്ടുണ്ട്.

ചേലോറ പാര്‍ക്കിന്റെ ഫെന്‍സിംഗിനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയായാല്‍ ഉദ്ഘാടനം നടത്തും.
വാരം ഫിഷ് മാര്‍ക്കറ്റ് എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ഡിസൈന്‍ മത്സ്യ വ്യാപാരത്തിന് അനുയോജ്യമല്ലാത്തതിനാലാണ് അവിടെ പ്രവര്‍ത്തനം നടക്കാത്തത്. അത് കോര്‍പ്പറേഷന്റെ ചെലവില്‍ രൂപമാറ്റം വരുത്തേണ്ട അവസ്ഥയാണ് ഉള്ളത്. അതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കക്കാട് പുഴ മലിനീകരണത്തിനെതിരെ ജനകീയ കൂട്ടായ്മ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതോടെ കക്കാട് പുഴ കൂടുതല്‍ നന്നായി പരിപാലിക്കാന്‍ കഴിയും.

മഞ്ചപ്പാലത്ത് പ്ലാന്റ് വരുന്നതിനെ എതിര്‍ത്തത് സി പി എം ആണ്. പടന്നപ്പാലത്തിന്റെ ദുരിതം അനുഭവിക്കുന്ന നാട്ടുകാര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയുമായ ഗോവിന്ദന്‍ മാഷ് തന്നെ പല വേദികളിലും പാര്‍ട്ടിക്കാരാണ് എതിര്‍ത്തത് എന്ന് തുറന്ന് പറഞ്ഞതാണ്. കോര്‍പ്പറേഷന്റെ ഇച്ഛാശക്തി കൊണ്ട് പ്ലാന്റിന്റെ പ്രവൃത്തി 90 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എ ബി സി   പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ജയരാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കണം. ഇതിനായി നല്‍കേണ്ട വിഹിതം കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പോലും തെരുവുനായ്ക്കളുടെ കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാതെ ഇരുട്ടില്‍ തപ്പുകയാണ്.

ആറ്റടപ്പ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കോവിഡ് കാലത്ത് ജില്ലാ ഭരണകൂടം ഏറ്റെടുത്തതാണ്. കോര്‍പ്പറേഷന്‍ തിരികെ ലഭിച്ചപ്പോള്‍ അവിടെ  വലിയ തുകയുടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നു.  സര്‍ക്കാരിന്റെ തന്നെ നിലവിലുള്ള നയപ്രകാരം റോട്ടറി പോലുള്ള സന്നദ്ധസംഘടനകളെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് സി.പി എമ്മിന്റെ കൗണ്‍സിലര്‍മാരാണ്. ഡയാലിസിസ് കേന്ദം അടുത്ത ദിവസം തന്നെ ട്രയല്‍ റണ്‍ നടത്തി തുറന്നു കൊടുക്കും. അവിടെ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മോദിയെ പോലെ ജയരാജനും അദാനിക്കുവേണ്ടി വാദിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാതൊരുവിധ അനുമതിയും കൂടാതെ റോഡുകള്‍ വെട്ടിപ്പൊളിക്കാന്‍ ഗെയിലിന് അനുമതി നല്‍കിയതിനെയാണ് യു.ഡി.എഫ് എതിര്‍ത്തത്. സാധാരണ ജനങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനുവേണ്ടി റോഡ് കീറുന്നതിന് പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കുമ്പോഴാണ് അദാനിക്കുവേണ്ടി ഇത്തരത്തില്‍ സൗജന്യം ചെയ്യുന്നത്.
വിജിലന്‍സ് റെയ്ഡിനെപ്പറ്റി ജയരാജന്‍ പറയുമ്പോള്‍ എല്‍.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും കോര്‍പ്പറേഷനുകളില്‍ നടന്ന നികുതി തട്ടിപ്പും ബാങ്ക് അക്കൗണ്ടിലെ തട്ടിപ്പും മറന്നുപോകരുത്. മാലിന്യ സംസ്‌കരണത്തിന്റെ  മറവില്‍ നടത്തിയ അഴിമതിയുടെ പേരില്‍ കൊച്ചി കോര്‍പ്പറേഷനെ ഹൈക്കോടതി പോലും വിമര്‍ശിച്ചതാണ്.

സര്‍ക്കാരിന്റെ പല നിയന്ത്രണങ്ങളും പദ്ധതി അംഗീകരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനുമുള്ള എല്ലാ കാലതാമസത്തെയും അതിജീവിച്ച് ഈ വര്‍ഷം നാല്‍പ്പത് ശതമാനം പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 80 ശതമാനത്തിനു മുകളില്‍ ചെലവഴിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍രെ സാമ്പത്തിക നിയന്ത്രണങ്ങള്‍ മൂലം മിക്ക തദ്ദേശസ്ഥാപനങ്ങളും ഈ വര്‍ഷം ഫണ്ട് വിനിയോഗത്തില്‍ വളരെ പിറകിലാണ്.

സോണ്‍ടയുടെ പേരില്‍ സി പി എം ഭരിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ അഴിമതിയുടെ മാലിന്യത്താല്‍ നാറുമ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സോണ്‍ട എന്ന തട്ടിപ്പു കമ്പനിയെ അകറ്റി നിര്‍ത്തി വളരെ നല്ല രീതിയില്‍ ചേലോറയില്‍ മാലിന്യ നീക്കം പുരോഗമിക്കുന്നുണ്ട്. 50 ശതമാനത്തോളം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ച് ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പണമുണ്ടാക്കാന്‍ സി പി എം ഏത് കൊള്ളരുതായ്മകളും ചെയ്യുമെന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇപ്പൊ നടക്കുന്ന സംഭവ വികാസങ്ങള്‍   നമുക്ക് കാണിച്ചു തരുന്നത് .   സോണ്‍ടയുടെ പേരില്‍ സര്‍ക്കാരും, സി പി എമ്മും പാര്‍ട്ടി ഭരിക്കുന്ന കോര്‍പ്പറേഷനുകളും ആകെ നാറി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം സമര നാടകങ്ങളുമായി സി പി എം മുന്നോട്ട് വരുന്നത് എന്നത് ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ്  പറഞ്ഞു .

Share this story