സസ്പെൻസ് ത്രില്ലറിൽ എം.വി.ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ, കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും


കഴിഞ്ഞ അഞ്ചു വർഷം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടിയെ നയിച്ചതിന് എം.വി ജയരാജന് ലഭിച്ച അംഗീകാരം കൂടിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തപ്പെട്ടത്.
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനം ലഭിച്ചതോടെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എം.വി ജയരാജൻ അടുത്ത ദിവസം തന്നെ ഒഴിയും. കഴിഞ്ഞ തളിപ്പറമ്പ് സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുമെന്ന് നേരത്തെ പാർട്ടിക്കുള്ളിൽ ധാരണയുണ്ടായിരുന്നു.
പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന കമ്മിറ്റിയംഗമായ ടി.വി രാജേഷ് നിയോഗിക്കപ്പെടുമെന്നാണ് സൂചന. നേരത്തെ എം.വി ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച വേളയിൽ ടി.വി രാജേഷായിരുന്നു ആക്ടിങ് സെക്രട്ടറി. പെരളശേരി മാനവീയത്തിൽ താമസിക്കുന്ന എം.വി ജയരാജൻ അഭിഭാഷകൻ കൂടിയാണ്.
2019ൽ പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ചു വർഷം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടിയെ നയിച്ചതിന് എം.വി ജയരാജന് ലഭിച്ച അംഗീകാരം കൂടിയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയർത്തപ്പെട്ടത്.
