എം വി ഗോവിന്ദന്റെ പോസ്റ്റില്‍ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് കമന്റിട്ടു; എല്‍സി അംഗത്തെ പുറത്താക്കി സിപിഐഎം
കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെയാണ് സിപിഐഎം പുറത്താക്കിയത്.
തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വിചിത്ര നടപടിയുമായി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പോസ്റ്റില്‍ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് കമന്റിട്ട എല്‍സി അംഗത്തെ പുറത്താക്കി. കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തിനെയാണ് സിപിഐഎം പുറത്താക്കിയത്.
കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശനെതിരെയും നടപടിയെടുത്തു. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. പ്രകാശന്‍ നേരത്തെ എം വി ഗോവിന്ദനെയും ജെയിംസ് മാത്യുവിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്ത നേതാവാണെന്നും തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെന്നും ഏരിയാ കമ്മിറ്റി വിമര്‍ശിച്ചിരുന്നു. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കുമെന്നും കമ്മിറ്റി വിമര്‍ശിച്ചിരുന്നു. അവരുടെ ഇടപെടല്‍ വോട്ട് കൂട്ടാനല്ല സഹായിച്ചതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തിയിരുന്നു.
.jpg)

