കൊലപാതക രാഷ്ട്രീയത്തെയോ അതിന്റെ അർഥം വരുന്ന പ്രയോഗത്തെയോ അംഗീകരിക്കുന്നില്ല; ടി ഐ മധുസൂദനനെ തള്ളി എം.വി ഗോവിന്ദൻ
കണ്ണൂർ: പയ്യന്നൂരിലെകൊലവിളി പ്രസംഗത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ടി ഐ മധുസൂദനനെ പൂർണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികാരക്കൊല പാർട്ടി നിലപാടല്ലെന്ന് സിപിഎം എം വി ഗോവിന്ദൻ പറഞ്ഞു. ചോരയ്ക്ക് ചോരയെന്ന മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരാമർശത്തിൽ കേസെടുക്കാത്ത് എന്തെയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. ധനരാജ് കേസിലെ വിധിക്കെതിരെ പാർട്ടി അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൊലപാതകവും കേരളത്തിൽ ഇനി രാഷ്ട്രീയ അടിസ്ഥാനത്തിൽ ഉണ്ടാവരുത്. അങ്ങനെ ഏതെങ്കിലുമൊരു കൊലപാതകം സംഭവിച്ചാൽ തന്നെ അതിനു പകരം കൊലപാതകമാണ് എന്ന നില ഞങ്ങൾ ഉപേക്ഷിക്കുന്നു. ഇക്കാര്യം പരസ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞ പാർട്ടിയാണ് സിപിഎം. ആ നിലപാടാണ് പാർട്ടി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് – പത്ത് വർഷക്കാലം സമാധാനപരമായ അന്തരീക്ഷത്തിലൂടെ കേരളം മുന്നോട്ട് പോയിട്ടുണ്ട്. ആ മുന്നോട്ട് പോയ നിലപാടിനൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി കണ്ണൂരിൽ വന്ന് ഒരു പ്രസംഗം നടത്തി. ചോരയ്ക്ക് ചോര എന്നാണ്. ഒന്നിനെയും വിടാൻ പോകുന്നില്ല എന്നാണ് പറഞ്ഞത്. ഇതിന്റെ അർഥമെന്താണ്. അത് സത്യപ്രതിജ്ഞാലംഘനമാണ്. കണ്ണൂർ പ്രസംഗത്തിന്റെ ഭാഗമായി മുഖ്യന്ത്രിക്കെതിരെ കേസ് ഉണ്ടാവേണ്ടതാണ്. അതിനെ ഞങ്ങൾ അതിശക്തമായി അപലപിക്കുകയാണ്. മാധ്യമങ്ങൾ ഇതിൽ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. നമ്മൾ ഒരു തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തിന്റെയോ അതിന്റെ അർഥം വരുന്ന പ്രയോഗത്തെയോ അംഗീകരിക്കുന്നില്ല. ശക്തമായ രീതിയിൽ ജനങ്ങളെ അണിനിരത്തി കൊലപാതക രാഷ്ട്രീയം ഉൾപ്പടെയുള്ള എല്ലാ പാർട്ടി വിരുദ്ധ സമീപനങ്ങളെയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന പാർട്ടിയാണ് സിപിഎം. ആ നിലപാട് തന്നെയാണ് ഇനിയും തുടരുക. പൊതു നിലപാടിന് എതിരായിട്ട് വരുന്ന ഒന്നിനെയും പാർട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായി എന്തുകൊണ്ടാണ് പൊലിസ് കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മധുസൂദനനെതിരെ കേസെടുക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാലംഘനം നടത്തിയ വി ഡി സതീശനെതിരാണ്. മധുസൂദനനെതിരായി കേസെടുത്തുവെന്ന് നിങ്ങൾ പറയുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരായി കേസെടുക്കാത്തതെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
.jpg)

