'സ്വന്തം വീടെന്നത് നിതിന്‍ രാജിന്റെ സ്വപ്നമായിരുന്നു' ; കുടുംബത്തിന് സിപിഎം നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ നിർവ്വഹിച്ച് എം.വി. ഗോവിന്ദൻ ‌

CPM will build a house for the family of BDS student Nithin Raj; M.V. Govindan laid the foundation stone

 കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. നിതിനെ സംസ്കരിച്ച അതേ മണ്ണിൽ തന്നെയാണ് പാർട്ടി വീട് നിർമ്മിക്കുന്നത്. രണ്ട് ഏരിയ കമ്മിറ്റികളുടെ സംയുക്ത സഹകരണത്തോടെ പണിയുന്ന ഇരുനില വീടിന്റെ തറക്കല്ലിടൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് നിർവ്വഹിച്ചത്. നിതിൻ രാജിന്റെ കുടുംബത്തിനൊപ്പം പാർട്ടി എപ്പോഴും ഉണ്ടാകുമെന്നും എത്രയും വേഗം വീടിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം ചടങ്ങിൽ ഉറപ്പുനൽകി.

CPM will build a house for the family of BDS student Nithin Raj; M.V. Govindan laid the foundation stone1

നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഒരു മാസത്തിനകം കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും, വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന ഇത്തരം വ്യക്തികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതീയമായ അധിക്ഷേപങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഇത്തരം പ്രവണതകളെ തിരുത്താൻ സിപിഎം മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിതിൻ രാജിന്റെ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസും മുന്നോട്ടുവന്നിരുന്നു. വീട് നിർമ്മാണത്തിനായുള്ള ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ കുടുംബത്തിന് കൈമാറിയിരുന്നു. എന്നാൽ പ്രഖ്യാപനങ്ങൾ വെറുതെയാകില്ലെന്നും വളരെ വേഗത്തിൽ തന്നെ നിർമ്മാണം പൂർത്തിയാക്കി വീട് കൈമാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നാടിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു യുവാവിനെയാണ് നഷ്ടമായതെന്നും, വീടും സാമ്പത്തിക സഹായവും നിതിന്റെ വിയോഗത്തിന് പകരമാവില്ലെങ്കിലും ആ കുടുംബത്തിന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags