മുതലപ്പൊഴി മരണം: അനാസ്ഥ അവസാനിപ്പിച്ച് അടിയന്തര സഹായ പ്രഖ്യാപനത്തിനും രക്ഷാപ്രവർത്തനത്തിനും സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി

Another boat capsizes in Muthalapozhi, another accident

 തിരുവനന്തപുരം: ആവർത്തിച്ച് ദുരന്ത സംഭവങ്ങൾ ഉണ്ടാകുന്ന മുതലപ്പൊഴി - അഞ്ചുതെങ്ങ് - വിഴിഞ്ഞം തീരദേശ മേഖലയിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഗുരുതരമായ അനാസ്ഥയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അഷ്റഫ് കല്ലറ. മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ട വിവരം ലഭിച്ചിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് നേവി ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ ഉണ്ടായത്. സാഹസിക തിരച്ചിൽ അനിവാര്യമായ മേഖലയാണ് അഞ്ചുതെങ്ങ്, മുതലപ്പൊഴി പ്രദേശങ്ങൾ. അപകട സാഹചര്യങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളോ അപായ സൂചന നൽകുന്ന റെഡ് ഫ്ലാഗ് പോലുള്ളവ സ്ഥാപിക്കാനോ സർക്കാർ ശ്രമിക്കുന്നില്ല. മുന്നറിയിപ്പ് സംവിധാനം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം മൂന്ന് പേരുടെ ജീവനാണ് തീരദേശ ജനതയ്ക്ക് നഷ്ടമായത്. വിഴിഞ്ഞത്ത് കഴിഞ്ഞദിവസം കാണാതായ മത്സ്യതൊഴിലാളിയെ കുറിച്ച് ഇതുവരെയും വിവരങ്ങൾ ലഭിച്ചിട്ടില്ല.

തുടർച്ചയായി സംഭവിക്കുന്ന മേഖലയിലെ പ്രകൃതി ദുരന്തങ്ങൾ തടയുന്നതിനുള്ള സർക്കാർ സംവിധാനം ദിനംപ്രതി ദുർബലമായി മാറുകയാണ്. മറൈൻ ആംബുലൻസ് ഇവിടെ മാസങ്ങളായി പണിമുടക്കി കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായകരമാകുന്ന വേഗതയുള്ളതും സാങ്കേതിക മികവുള്ളതുമായ ബോട്ടുകൾ തീരദേശങ്ങളിൽ ലഭ്യമാക്കണമെന്ന ആവശ്യം കാലങ്ങളായി നിവാസികൾ ഉന്നയിക്കുന്നുണ്ട്. തീരദേശ മേഖലയിലെ രക്ഷാപ്രവർത്തനം ശാസ്ത്രീയമായി നടത്തുന്നതിനോ തീരദേശ നിവാസികളുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനോ ഭരണകൂടം തയ്യാറാകുന്നില്ല എന്നാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്.

നിലവിൽ സംഭവിച്ചിട്ടുള്ള ദുരന്തത്തെ ഗൗരവത്തിലെടുത്ത് മുതലപ്പൊഴി, അഞ്ചുതെങ്ങ് തീരദേശത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഉടൻ ധനസഹായം പ്രഖ്യാപിക്കുകയും ആവശ്യമായ സംരക്ഷണം ഒരുക്കുകയും വേണം. സംസ്ഥാനത്തെ തീരദേശ മേഖലകളിൽ അനുഭവിക്കുന്ന ഇത്തരം അപകടകരമായ അവസ്ഥയെ മറികടക്കുന്നതിനുള്ള ശാസ്ത്രീയ പഠനവും ശാശ്വതമായ പരിഹാരവും നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

Tags