മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
കൊച്ചി: ഹരിത പതാകയേന്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ യുവജന റാലിക്കും വൈറ്റ് ഗാർഡ് പരേഡിനും ഒപ്പം മറൈൻ ഡ്രൈവിൽ നടന്ന സമാപന സമ്മേളനത്തോടെ ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ പ്രമേയം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. അമേരിക്കയും ഇസ്രായേലും അടക്കമുള്ള ലോകത്തെ മുഴുവൻ അധികാരികളും വിറക്കുന്നത് പോലെ ഇന്ത്യയിലെ വലിയ ആളും വിറക്കുകയാണെന്നും രാജ്യത്തെ യുവത്വമാണ് വിറപ്പിക്കുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും യൂത്ത് ലീഗ് പറയാനുള്ളത് പറയുകയും തിരുത്താനുള്ളത് തിരുത്തുകയും ചെയ്യും. യു.ഡി.എഫ് ഭരണത്തിലുള്ളപ്പോഴാണ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ട് സമരം ചെയ്തത്.
നേടേണ്ടത് നേടണമെങ്കിൽ പറയേണ്ടത് പറയേണ്ടി വരുമെന്ന് ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ട്. ഭാഷാ സമരത്തിനെതിരെ സമരം ചെയ്ത് ഇടത് സർക്കാറിന്റെ തീരുമാനത്തെ തിരുത്തിച്ചു. അമേരിക്കക്കും ഇസ്രായേലിനും തിരുത്തേണ്ടി വന്നത് പോലെ ഇന്ത്യക്കും തിരുത്തേണ്ടി വരും. യുവാക്കൾ അരാഷ്ട്രീയവാദികളല്ലെന്നും അവരാണ് പോസിറ്റീവ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
മതേതര കേരളത്തിലെ സവിശേഷതകൾ നിലനിർത്താനുള്ള പോരാട്ടമാണ് യുവജനങ്ങൾ തുടരേണ്ടതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഏകാധിപതികളും ഫാഷിസ്റ്റുകളും ചരിത്രത്തിൽ അറിയപ്പെടുന്നത് ഭീരുക്കളായിട്ടാണ്. അവർക്കെതിരെ പോരാടിയവരാണ് ചരിത്രത്തിലെ ധീരന്മാർ. ആ തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. യൂത്ത് ലീഗിന്റെ ശക്തിയും ആർജവവും ധൈര്യവും യു.ഡി.എഫിന് കൂടി മുതൽകൂട്ടാണ്. എല്ലാ മതസ്ഥരും മുസ് ലിം ലീഗിനെയും പാണക്കാട് തങ്ങളെയും ബഹുമാനിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
.jpg)

