ജി സുകുമാരന്‍ നായരുടെ ആരോപണങ്ങളില്‍ പ്രതികരിക്കേണ്ടെന്ന നിലപാടില്‍ മുസ്ലീം ലീഗ്

sukumaran nair

സുകുമാരന്‍ നായര്‍ക്ക് മറുപടി എന്ന രീതിയില്‍ ആരും പ്രതികരിക്കരുതെന്ന് താഴെത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആരോപണങ്ങളില്‍ കരുതലോടെ നീങ്ങാന്‍ മുസ്ലിം ലീഗ്. പരസ്യ പ്രതികരണങ്ങള്‍ നടത്തി വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. സുകുമാരന്‍ നായര്‍ക്ക് മറുപടി എന്ന രീതിയില്‍ ആരും പ്രതികരിക്കരുതെന്ന് താഴെത്തട്ടില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ ലീഗിന്റെ നിലപാട് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അറിയിക്കും. ലീഗ് നേതൃയോഗത്തിന് ശേഷമായിരിക്കും നിലപാട് പറയുക. ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും ലീഗ് അതിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി ആരെന്നത് ലീഗിനെ അറിയിക്കാറുണ്ട്. ഇത്തവണയും ലീഗ് അത് പ്രതീക്ഷിക്കുന്നുണ്ട്. 

ബുധനാഴ്ച മാധ്യമങ്ങളെ കാണവെയായിരുന്നു ലീഗിനെതിരെ സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യം?. ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാന്‍ ഘടകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.

Tags