തൃശൂർ ജില്ല മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷം ; സമാന്തരസംഘടനയുമായി ഒരുവിഭാഗം

ചാവക്കാട്: ജില്ലയിൽ മുസ്ലിം ലീഗിൽ ഏറെക്കാലമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും രൂക്ഷമായി. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സമാന്തര സംഘടന രൂപവത്കരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. മുസ്ലിം ലീഗിലെ തിരുത്തൽ വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് വെള്ളിയാഴ്ച ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചത്. ജില്ല, നിയോജക മണ്ഡലം, പഞ്ചായത്തുതല നേതാക്കളും പോഷക സംഘടന നേതാക്കളുമടക്കം നൂറിൽപരം പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്.
കുറച്ചുകാലമായി നീറിപ്പുകയുന്ന സംഘടന പ്രശ്നങ്ങളാണ് പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ജില്ല നേതാക്കളുടെ യോഗം ചേർന്ന് ‘ക്രസന്റ് കൾച്ചർ സെന്റർ’ (സി.സി.സി) എന്ന പേരിലാണ് സാംസ്കാരിക സംഘടന രൂപവത്കരിച്ചത്. ലീഗ് ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞിക്കോയ തങ്ങളാണ് സംഘടനയുടെ ചെയർമാൻ.
പ്രവാസി ലീഗ് സംസ്ഥാന നേതാവ് ജലീൽ വലിയകത്ത് ജനറൽ കൺവീനറും ലീഗിന്റെ ജില്ല വൈസ് പ്രസിഡന്റ് ആർ.പി. ബഷീർ ട്രഷററുമാണ്. സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. ജില്ലയിലെ പ്രമുഖരായ നേതാക്കളും വലിയ വിഭാഗം അണികളും സി.സി.സിക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് വിവരം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ ചേലക്കര നിയോജക മണ്ഡലത്തിലും വിപുലമായ പ്രവർത്തക കൺവെൻഷൻ ചേർന്നു.
അകന്ന് നിൽക്കുന്നവരെയും അകറ്റി നിർത്തിയവരെയും വെട്ടിനിരത്തിയവരെയും ചേർത്തുനിർത്തി പാർട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് സി.സി.സിയുടെ മുഖ്യനയമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. നിയോജക മണ്ഡലം കൺവെൻഷനുകൾക്ക് ശേഷം 5000ലധികം ആളുകളെ സംഘടിപ്പിച്ച് തൃശൂരിൽ വിപുലമായ കൺവെൻഷൻ നടത്താനും തീരുമാനിച്ചതായാണ് വിവരം.