ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാര്‍ കസ്റ്റഡിയില്‍
സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമെന്ന് സൂചന. ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു കൗമാരക്കാര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്നാണ് സംശയിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശി ശിവന്‍കുട്ടി (65) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ശിവന്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. കൊച്ചുമകള്‍ വീട്ടില്‍ എത്തി നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്നനായി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ തുണികൊണ്ട് മുറുക്കിയ നിലയിലായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമാണെന്ന സൂചന ലഭിച്ചത്. പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ശിവന്‍കുട്ടിയുടെ ബന്ധുവായ പെണ്‍കുട്ടി കൗമാരക്കാരെ അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരും വീട്ടിലേക്ക് എത്തുകയും വീടിന്റെ പിന്‍വശത്തെ ഷീറ്റ് പൊളിച്ചു അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് മോഷണത്തിനിടെ ശിവന്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്. ആസൂത്രിത കൊലപാതകമാണോ എന്ന കാര്യം വ്യക്തമല്ല. കൊലപ്പെടുത്തുന്ന ദൃശ്യം വീഡിയോ കോളിലൂടെ ശിവന്‍കുട്ടിയുടെ ബന്ധുവിനെ കൗമാര സംഘം കാണിച്ചെന്നും സൂചനയുണ്ട്.
.jpg)

