കോഴിക്കോട് 16കാരിയുടെ കൊലപാതകം ; പെണ്‍കുട്ടിയുടെയും പ്രതിയുടെയും മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍
കേസില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചെന്നാണ് വിവരം.
ഈസ്റ്റ് മൂഴിക്കലില്‍ 16കാരി നസ്രീനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു. പ്രതിയായ അദ്നാന്റെ ഫോണും ഇതേ കിണറ്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതി ജീവനൊടുക്കിയതിന് പിന്നാലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കേസില്‍ ദുരൂഹതയേറുന്ന സാഹചര്യത്തില്‍ നസ്രീന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചെന്നാണ് വിവരം.
അദ്നാന്‍ ജീവനൊടുക്കിയ മുറിയില്‍ നിന്നും ഒരു ഫോണ്‍ ലഭിച്ചിരുന്നു. പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെങ്കില്‍ ഈ ഫോണും നശിപ്പിക്കേണ്ടതാണ്. പ്രതിയുടെ മരണശേഷം ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നതാണ് സംശയം ഉയര്‍ത്തുന്നത്. കുടുംബാംഗങ്ങളില്‍ ആരെങ്കിലും തെളിവ് നശിപ്പിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നതാണ് പൊലീസിന്റെ സംശയം.
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കിണറ്റില്‍ നിന്നും കണ്ടെടുത്ത ഫോണുകള്‍ ഉടന്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കും. ഫോണിലുള്ള വിവരങ്ങള്‍ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകളിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന നിലയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി 7.30ഓടെയാണ് പ്രതി വീട്ടിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വിഷു ആഘോഷങ്ങളുടെ ഭാഗമായി കുടുംബം പടക്കം പൊട്ടിക്കുന്ന തിരക്കിനിടയിലാണ് ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അദ്നാന്‍ അടുക്കള വാതിലിലൂടെ അകത്ത് കടന്നത്.
മോഷണ ശ്രമവും വ്യക്തിപരമായ പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസ്രീനയുടെ വല്യുമ്മ ഉറങ്ങിക്കിടന്നപ്പോള്‍ തലയണയ്ക്കടിയില്‍ നിന്നും താക്കോല്‍ മോഷ്ടിക്കാനും അതുപയോഗിച്ച് അലമാര തുറക്കാനും അദ്നാന്‍ ശ്രമിച്ചിരുന്നു. ഈ മോഷണ ശ്രമം തടഞ്ഞപ്പോഴാണോ നസ്രീന കൊല്ലപ്പെട്ടതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
.jpg)

