മുണ്ടത്തിക്കോട് ദുരന്തം ; തൃശൂര്‍ പൂരം നടത്തിപ്പില്‍ ഇന്നു തീരുമാനം

Massive explosion at a fireworks display in Thrissur: District Collector announces magisterial inquiry

 തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനമെടുക്കും. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയിൽ രാവിലെ 10.30ന് കലക്റ്ററേറ്റിലാണ് യോഗം.

കൊച്ചി ദേവസ്വം ബോര്‍ഡ് ഭാരവാഹികളും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാറും ജില്ല ഭരണകൂടവും സ്വീകരിക്കുന്ന തീരുമാനത്തിന് അനുസൃതമായി പൂരം നടത്തിപ്പില്‍ നിലപാട് എടുക്കുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായി ഒതുക്കാനാണ് സാധ്യത. കേരളം നടുങ്ങിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് വെടിക്കെട്ട് നടത്തില്ലെന്നും ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാകുകയെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. ആചാരങ്ങൾക്കൊപ്പം പൊതുജനവികാരം കൂടി കണക്കിലെടുത്ത് ആർഭാടങ്ങളില്ലാതെ പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെയും തീരുമാനം. ഇക്കാര്യങ്ങളിൽ സർക്കാറുമായും ജില്ല ഭരണകൂടവുമായും കൂടിയാലോചിച്ച ശേഷമായിരിക്കും ഇരുദേവസ്വങ്ങളും അന്തിമ തീരുമാനമെടുക്കുക.

ആഘോഷപൂർവം പൂരം നടത്താനുള്ള സാഹചര്യമല്ല നിലവിലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിൽ ദേവസ്വം ആഘോഷ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ബിനീഷ് എന്നിവർ മരിച്ചു. ഇരുപത് വർഷത്തോളമായി തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ജോലികളിൽ ഏർപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നും ഇവരെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ അട്ടിമറി സാധ്യതയില്ല. എല്ലാ കാര്യങ്ങളും നിയമാനുസൃതമായാണ് ചെയ്തത്. പരിശോധനയിൽ നിരോധിത വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

വിദഗ്ധ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ. പൂരം വെടിക്കെട്ട് സംബന്ധിച്ച് സർക്കാറുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുമ്പോൾ അതിനോടൊപ്പം ശക്തമായൊരു പൊതുവികാരമുണ്ടെന്നും അതിനാൽ ആചാരങ്ങൾകൂടി പരിഗണിച്ച് സന്തുലിതമായ സമീപനം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പ്രതികരിച്ചു. ജില്ല ഭരണകൂടത്തിന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കും. സർക്കാറുമായി ചർച്ച നടക്കുന്നുണ്ടെന്നും ഔദ്യോഗിക മാർഗനിർദേശങ്ങളും പൊതുജനവികാരവും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags