മുണ്ടത്തിക്കോട് വെടിക്കെട്ടപകടം ; ലൈസൻസിയായ മുണ്ടത്തിക്കോട് സതീശനും മരിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവമ്പാടിയുടെ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശനാണ് മരണപ്പെട്ടത്. അപകടത്തിൽ നട്ടെല്ലിനും മുഖത്തും ഉൾപ്പടെ 90 ശതമാനം പൊള്ളേലേറ്റ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സതീശൻ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 15 വർഷമായി തിരുവമ്പാടിക്ക് വേണ്ടി സതീശനാണ് വെടിക്കെട്ട് നടത്തിയിരുന്നത്.
തിരുവമ്പാടിക്ക് പുറമെ, പ്രദേശത്തെ മറ്റ് ഉത്സവങ്ങൾക്ക് വേണ്ടിയും സതീശൻ വെടിക്കെട്ട് നടത്തിയിട്ടുണ്ട്. മുൻപ് സതീശന്റെ അച്ഛൻ മണിയായിരുന്നു തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് നടത്തിയിരുന്നത്. അച്ഛന്റെ പാത പിന്തുടരുകയായിരുന്നു സതീശൻ. മറ്റ് നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റും. നിലവിൽ മൂന്ന് പേരാണ് ഇനി ചികിത്സയിലുള്ളത്. ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കും.
ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു.
ഭൂകമ്പത്തിനു സമാനമായ ശബ്ദമാണ് പ്രദേശത്തുണ്ടായത്. പിന്നെ കണ്ടത്ത് ഒരു തീഗോളം തന്നെയായിരുന്നു. പ്രദേശമാകെ വാനോളം തീ ഉയർന്നു. ഒപ്പം വെടിക്കോപ്പുകളെല്ലാം പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ അഞ്ച് കിലോമീറ്ററിനപ്പുറം വരെ അപകടത്തിന്റെ പ്രകമ്പനമുണ്ടായി. ആർക്കും അടുക്കാൻ കഴിയാത്ത തരത്തിൽ തീയും കനത്ത ചൂടും പടർന്നു. പൊട്ടിത്തെറിയുടെ തീവ്രതയിൽ പ്രദേശത്തെ വീടുകളുടെയും കടയുടെയും ചില്ലുകൾ തകർന്നു. രണ്ടരമണിക്കൂറോളമാണ് തുടർ പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടും പൊട്ടിത്തെറികളുണ്ടായി. അടുത്ത ദിവസം ഡോഗ്സ്ക്വോഡുമായി എത്തിയാണ് തെരച്ചിൽ നടത്തിയത്. പ്രദേശം കത്തിക്കരിഞ്ഞ നിലയിലാണ്.
.jpg)

