മുണ്ടിനീര് വ്യാപനം ; ആലപ്പുഴയിലെ തുമ്പോളി എൽപി സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: സ്കൂൾ കുട്ടികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലപ്പുഴ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ നടപടിയായാണ് നടപടി. രോഗത്തിന്റെ ഇൻകുബേഷൻ കാലയളവ് പരിഗണിച്ച് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജൂലൈ ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെയാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്.
അവധി ദിവസങ്ങളിൽ സ്കൂളിലെ ക്ലാസുകൾ ഓൺലൈനായി തുടരുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഇതിനുപുറമെ, സ്കൂളുകളിൽ രോഗപ്പകർച്ച തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഏകോപിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ജില്ലയിൽ സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ പി.വി. മുന്നറിയിപ്പ് നൽകി. പാരമിക്‌സോ വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും, ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങിയ ശേഷം നാലുമുതൽ ആറുദിവസം വരെയുമാണ് പ്രധാനമായും പകരുന്നത്. കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിർന്നവരിലേക്കും രോഗം വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
.jpg)

