മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും


തഹാവൂര്‍ റാണയ്ക്ക് കൊച്ചിയില്‍ സഹായം ഒരുക്കിയ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. അതിനിടെ തഹാവൂര്‍ റാണയ്ക്ക് കൊച്ചിയില്‍ സഹായം ഒരുക്കിയ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്.
2008ല്‍ രണ്ട് ദിവസങ്ങളില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയില്‍ തഹാവൂര്‍ താമസിച്ചിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ വിവരങ്ങളില്‍ അടക്കം അന്വേഷണ സംഘത്തിന് വ്യക്തത വരേണ്ടതുണ്ട്.

റാണ കേരളത്തില്‍ മറ്റെവിടെയെങ്കിലും തങ്ങിയിരുന്നോ എന്നും ഇതിനു മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷിക്കും. റാണയെയും സഹായിയെയും ചോദ്യം ചെയ്യുന്നതിലൂടെ ഈ വിവരങ്ങള്‍ പുറത്തുകൊണ്ടു വരാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.