മുല്ലപ്പെരിയാര്‍ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

mullaperiyar

കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദഗ്ധ സമിതി യോജിപ്പ് അറിയിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു.


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി പറഞ്ഞിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കുമെന്നും ബല്‍രാജ് ജോഷി പറഞ്ഞു. സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് അഞ്ചംഗ വിദഗ്ദ്ധ സമിതി പരിശോധനകള്‍ നടത്തിയത്. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ കേസില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

Tags