മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേരളം

mullapperiyar dam

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് സംസ്ഥാനം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പരിശോധനയ്ക്കു സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ നവംബറിൽ കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ ഹർജി ചൊവ്വാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം. പുതിയ ഡാം സുരക്ഷാ നിയമം നടപ്പിലാകുംവരെ അതിലെ മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്കു നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനിൽക്കെ, രണ്ടു തവണ സമിതി യോഗം ചേർന്നു.  കഴിഞ്ഞവർഷം ജൂണിലും ഓഗസ്റ്റിലും ചേർന്ന യോഗങ്ങളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന നിർദേശമുണ്ടായെന്നു വ്യക്തമാക്കുന്നതാണ് സംസ്ഥാന ജലസേചന വകുപ്പിന്‍റെ സത്യവാങ്മൂലം.അപകടമുണ്ടായാൽ ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂരിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെ ബാധിക്കാമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു 

Share this story