എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ട്, യഥാർത്ഥ ഫലം ‘നാലാം തീയതി കാണാം’ ; മുഹമ്മദ് റിയാസ്
കോഴിക്കോട് : കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെ പൂർണ്ണമായും തള്ളി ഇടതുമുന്നണി രംഗത്ത്. എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും യഥാർത്ഥ ഫലം പുറത്തുവരുന്ന നാലാം തീയതി കാര്യങ്ങൾ വ്യക്തമാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വോട്ടർമാരും ഇടതുമുന്നണിക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമാനമായ രീതിയിൽ എക്സിറ്റ് പോളുകളെ തള്ളിക്കൊണ്ട് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലനും രംഗത്തെത്തിയിട്ടുണ്ട്. കേരള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും ബിജെപി ഇത്തവണയും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ നീക്കങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തുടനീളം 30,495 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ 78.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടർ പട്ടിക പ്രകാരം ആകെ 2,71,42,952 വോട്ടർമാരാണ് ഇത്തവണ ജനവിധി നിശ്ചയിക്കാൻ അർഹത നേടിയിരുന്നത്. ഇതിൽ 1,39,21,868 സ്ത്രീകളും 1,32,20,811 പുരുഷന്മാരും 273 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു.
പുതുതലമുറയുടെയും മുതിർന്ന പൗരന്മാരുടെയും സജീവ പങ്കാളിത്തം ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു. 18-നും 19-നും ഇടയിൽ പ്രായമുള്ള 4,66,408 കന്നി വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിൽ ഇടംപിടിച്ചത്. കൂടാതെ, 100 വയസ്സിന് മുകളിൽ പ്രായമുള്ള 1,555 വോട്ടർമാരും ഇത്തവണ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. ഈ വിഭാഗത്തിൽ 1,077 സ്ത്രീകളും 478 പുരുഷന്മാരുമാണുള്ളത്.
.jpg)

