മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖ: ഖജനാവ് കാലിയാണെന്ന ആരോപണത്തില്‍ എ എ റഹീം

rahim

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖയെന്ന തലക്കെട്ടോടെയാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

8793 കോടി രൂപയുടെ ചിലവ് താങ്ങാന്‍ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ താങ്കള്‍ക്ക് എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാന്‍ കഴിയുകയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം. സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നും നയാപൈസയില്ലെന്നും നിരന്തരം പരിഹസിച്ച യുഡിഎഫ് നേതാക്കള്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ഔദ്യോഗിക ആര്‍ബിഐ രേഖയെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എ എ റഹീം ചൂണ്ടിക്കാണിക്കുന്നുണ്ട്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖയെന്ന തലക്കെട്ടോടെയാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖ.
8793 കോടി രൂപയുടെ ചിലവ് താങ്ങാന്‍ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ താങ്കള്‍ക്ക് എങ്ങനെയാണു പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാന്‍ കഴിയുക???
സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നും നയാപൈസയില്ലെന്നും നിരന്തരം പരിഹസിച്ച യു.ഡി.എഫ് നേതാക്കള്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ഔദ്യോഗിക ആര്‍.ബി.ഐ രേഖ.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതങ്ങള്‍ ബോധപൂര്‍വ്വം നിഷേധിച്ച്, ഒരു വലിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ കാലഘട്ടത്തെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അതിജീവിച്ചത്.
ജനങ്ങളെ ദ്രോഹിക്കാതെ, ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ പരമാവധി കൊടുത്തുതീര്‍ത്തുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത്.
2026 മെയ് 1-ലെ റിസര്‍വ് ബാങ്കിന്റെ ഒഫീഷ്യല്‍ 'Daily Position' റിപ്പോര്‍ട്ട് പ്രകാരം, യൂണിയന്‍ സര്‍ക്കാരിന്റെ ട്രഷറി ബില്ലുകളില്‍ കേരളത്തിനുള്ള നിക്ഷേപം 5,429.01 കോടി രൂപയാണ്!
സംസ്ഥാന ട്രഷറിയിലെ മിനിമം ബാലന്‍സിന് മുകളില്‍ വരുന്ന തുക ആര്‍.ബി.ഐ വഴി കേന്ദ്ര ട്രഷറി ബില്ലുകളില്‍ നിക്ഷേപിക്കുന്ന സാധാരണ സാമ്പത്തിക ക്രമീകരണമാണിത്. മെയ് ഒന്നിന് മാത്രം 165.19 കോടി രൂപ ഇങ്ങനെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ദിവസങ്ങളിലെ തുകയടക്കമാണ് ഈ 5429 കോടി രൂപയായി കാണിക്കുന്നത്. ഏപ്രില്‍ മാസത്തെ ഭീമമായ ചെലവുകള്‍ക്ക് ശേഷവും മെയ് മാസത്തെ ശമ്പള-പെന്‍ഷന്‍ വിതരണത്തിന് തൊട്ടു മുന്‍പായി കൃത്യമായ പണലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.
ഇതിനുപുറമേ, അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന് ഉപയോഗിക്കാവുന്ന സ്‌പെഷ്യല്‍ ഡ്രോയിംഗ് ഫെസിലിറ്റി ഇനത്തില്‍ 3363 കോടി രൂപയുടെ ക്രെഡിറ്റ് പരിധിയും ലഭ്യമാണ്. ചുരുക്കത്തില്‍, കൃത്യമായ പ്ലാനിങ്ങോടെയുള്ള ഫണ്ട് മാനേജ്മെന്റാണ് ഇവിടെ നടന്നിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ ഖജനാവിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുന്നതില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ പുലര്‍ത്തിയ ധനകാര്യ സൂക്ഷ്മതയും മാനേജ്മെന്റ് മികവുമാണ് ഈ ആര്‍.ബി.ഐ രേഖ അടിവരയിടുന്നത്.
ഇടതുപക്ഷം കെട്ടിപ്പടുത്ത ഈ ശക്തമായ സാമ്പത്തിക അടിത്തറയെ,ജനങ്ങളെ ദ്രോഹിക്കാതെ തുടര്‍ന്നു കൊണ്ടു പോകാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുമോ എന്നാണ് കാലം കാത്തിരിക്കുന്ന ഉത്തരം.

Tags