വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനം. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സ്‌പെന്‍ഡ് ചെയ്യുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകള്‍ തമ്മിലെ മത്സരപ്പാച്ചിലിനിടയില്‍ യാത്രക്കാരെ കിട്ടാനുള്ള എളുപ്പവഴി എന്ന നിലയിലാണ് വാതിലുകള്‍ തുറന്നിട്ട് യാത്ര നടത്തുന്നത്.
ഡോര്‍ തുറന്നിട്ട് കുതിച്ചുപായുന്ന ബസ്സുകള്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചാല്‍, യാത്രക്കാര്‍ തെറിച്ച് വീഴാനുള്ള സാധ്യതയുണ്ട്. സമാന അപകടം ജില്ലയില്‍ പലയിടത്ത് പതിവായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്.
സ്റ്റോപ്പ് എത്തിയാല്‍ വാഹനം നിര്‍ത്തിയതിന് ശേഷമാണ് ഡോര്‍ തുറക്കേണ്ടതെന്ന നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പാലിക്കാറില്ല. യാത്രക്കാര്‍ കയറിക്കഴിഞ്ഞാല്‍ ഡോര്‍ അടച്ചതിന് ശേഷം മാത്രം വാഹനം യാത്ര തുടരാവൂ എന്ന നിര്‍ദ്ദേശവും പല വാഹനങ്ങളും പാലിക്കാറില്ല.