127 തവണയായി കൈമാറിയത് 25 ലക്ഷത്തിലേറെ രൂപ ; വായ്പ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പില്‍ കുടുങ്ങി ഹരിപ്പാട് സ്വദേശി

hacking

പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വിന്റെ പേരില്‍ ഫേസ്ബുക്കില്‍ കണ്ട വ്യാജ പരസ്യത്തില്‍ മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്കായി പ്രേംകുമാര്‍ അപേക്ഷിച്ചിരുന്നു.

കുറഞ്ഞ പലിശയില്‍ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പില്‍ ഹരിപ്പാട് സ്വദേശിക്ക് 25,30,028 രൂപ നഷ്ടമായി. പള്ളിപ്പാട് സ്വദേശി പ്രേംകുമാറാണ് (46) വന്‍ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി 27നാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വിന്റെ പേരില്‍ ഫേസ്ബുക്കില്‍ കണ്ട വ്യാജ പരസ്യത്തില്‍ മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്കായി പ്രേംകുമാര്‍ അപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാര്‍ ബന്ധപ്പെട്ടു. വിവിധ മൊബൈല്‍ നമ്പറുകളില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയും വോയ്‌സ് കോളുകള്‍ വഴിയും ബന്ധപ്പെട്ട പ്രതികള്‍, വായ്പയ്ക്ക് അപ്രൂവല്‍ ലഭിക്കുന്നതിനായി പ്രോസസിങ് ഫീ എന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം അയച്ച പണം നഷ്ടപ്പെട്ടതോടെ പരാതിക്കാരന്‍ പിന്മാറാന്‍ ശ്രമിച്ചെങ്കിലും സൈബര്‍ സഹായത്തോടെ പണം തിരിച്ചുപിടിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാര്‍ വീണ്ടും രംഗത്തെത്തി.

സിഗ്‌നല്‍ ആപ്പ് വഴി ബന്ധപ്പെട്ട പ്രതികള്‍, പണം ഹാക്ക് ചെയ്ത് വീണ്ടെടുത്തെന്നും അത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഈ തുക പിന്‍വലിക്കണമെങ്കില്‍ ടാക്‌സ്, ക്ലിയറന്‍സ് ചാര്‍ജ് തുടങ്ങിയവ ഇനത്തില്‍ വീണ്ടും പണമടയ്ക്കണമെന്ന് പറഞ്ഞ് പലതവണകളായി ലക്ഷങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ജനുവരി 28 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലയളവില്‍ 127 തവണകളായാണ് എസ്ബിഐ വല്ലപ്പുഴ ശാഖയിലെ അക്കൗണ്ടില്‍ നിന്നും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഹരിപ്പാട് ശാഖയിലെ അക്കൗണ്ടില്‍ നിന്നുമായി പരാതിക്കാരന്‍ പണം കൈമാറിയത്. വായ്പയോ നല്‍കിയ പണമോ തിരികെ കിട്ടാതെ വന്നതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് പ്രേംകുമാറിന് മനസിലായത്.

Tags