കൊല്ലം കൊട്ടിയത്ത് പുകയും രൂക്ഷഗന്ധവും ശ്വസിച്ച് 30-ലേറെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊല്ലം കൊട്ടിയത്ത് പുകയും രൂക്ഷഗന്ധവും മൂലം മുപ്പതിലേറെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടിയം ഓക്സിലിയം ഐ.എസ്.സി. സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. കുട്ടികളെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂളിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയാണ് ഈ പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്ലാന്റിൽ നിന്നുള്ള പുക ജനവാസ മേഖലയിലേക്ക് വ്യാപിക്കുന്നതായി ഇതിനുമുൻപും വ്യാപക പരാതി ഉയർന്നിരുന്നു.
പരാതിയെ തുടർന്ന് പഞ്ചായത്ത് പ്ലാന്റിന് 'സ്റ്റോപ്പ് മെമ്മോ' നൽകിയിരുന്നെങ്കിലും, ഉടമകൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി പ്രവർത്തനം തുടരുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുമായി ബന്ധപ്പെട്ടും പ്രദേശവാസികൾ വലിയ തോതിൽ ആശങ്ക ഉന്നയിക്കുന്നുണ്ട്.അതിനിടെ, സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

