മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ തമിഴ്‌നാട്ടിൽ നിന്നെത്തിയ മിനി ബസ് അപകടത്തിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്
ഇടുക്കി: മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ തമിഴ്‌നാട്ടിൽ നിന്നെത്തിയ മിനി ബസ് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ പൂപ്പാറ-ബോഡിമെട്ട് റൂട്ടിൽ തോണ്ടിമലയ്ക്ക് സമീപത്തെ വളവിൽ നിയന്ത്രണംവിട്ടാണ് ബസ് റോഡരികിലേക്ക് മറിഞ്ഞത്. ചെന്നൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ ഡ്രൈവറെയും മറ്റ് യാത്രക്കാരെയും പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡ്രൈവറുടേതൊഴികെ മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ ബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർന്നു.
തോണ്ടിമലയിലെ വലിയ എസ് വളവിന് തൊട്ടുമുമ്പുള്ള വളവിലാണ് അപകടം നടന്നത്. വളവ് തിരിയുന്നതിനിടെ ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് എത്തുന്ന മിനി ബസുകളിൽ പലതും ഇവിടുത്തെ വളവുകൾക്കും റോഡിന്റെ ഘടനയ്ക്കും അനുയോജ്യമല്ലാത്ത നിർമാണമുള്ളവയാണെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. റോഡിന്റെ ഘടന പരിചയമില്ലാത്ത ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും പറയുന്നു.
നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാനായി ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരവധി സഞ്ചാരികൾ മിനി ബസുകളിൽ മൂന്നാറിലെത്തുന്നുണ്ട്. റോഡിന്റെ ഘടനയും വളവുകളും പരിചയമില്ലാത്ത ഡ്രൈവർമാരുള്ള വാഹനങ്ങൾക്ക് അപകടസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. അപകടം നടന്ന റോഡിന് വീതിയുണ്ടായിരുന്നതിനാൽ ഗതാഗത തടസ്സം കാര്യമായി ഉണ്ടായില്ല. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
.jpg)

