ബാറുടമകളിൽ നിന്ന് മാസപ്പടി: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മൊഴിയെടുത്ത് വിജിലൻസ്
ആലപ്പുഴ: ബാറുടമകളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ആലപ്പുഴ വിജിലൻസ് ഓഫീസിലേക്ക് വിളിപ്പിച്ചാണ് ഉദ്യോഗസ്ഥനിൽ നിന്ന് മൊഴിയെടുത്തത്. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കെ.ആർ. അജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.
കായംകുളത്തെ ബാറുടമയിൽ നിന്ന് പരിശോധനയ്ക്കിടയിലും ലൈസൻസ് പുതുക്കലിനുമായി തുക കൈപ്പറ്റിയെന്നും, മുൻപ് കോട്ടയത്ത് സേവനമനുഷ്ഠിക്കവെ കള്ളുഷാപ്പ് ലൈസൻസിനായി കൈക്കൂലി വാങ്ങിയെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഫീൽഡ് ചുമതലകളിൽ നിന്ന് മാറ്റി വിജിലൻസ് അന്വേഷണം നടത്താൻ സാംബശിവറാവു ശുപാർശ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിജിലൻസ് മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടന്നിരിക്കുന്നത്.
.jpg)

