മാസപ്പടി കേസ്: മൊഴി പിന്‍വലിച്ചവരില്‍ ശശിധരന്‍ കര്‍ത്തയും, ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കര്‍ത്തയുടെ സത്യവങ്ങ്മൂലം
2024 മെയ് 15-നാണ് മൊഴി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.
മാസപ്പടി കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നല്‍കിയ മൊഴി പിന്‍വലിച്ച് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
2024 മെയ് 15-നാണ് മൊഴി പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കര്‍ത്തയെ നിര്‍ബന്ധിച്ച് ചോദ്യം ചെയ്യുകയാണുണ്ടായത്. ആരോഗ്യം തൃപ്തികരമല്ലെന്നും ചോദ്യം ചെയ്യല്‍ തുടരരുതെന്നും ഡോക്ടര്‍മാര്‍ വ്യക്തമായി എതിര്‍ത്തിട്ടും ഇഡി നടപടികളുമായി മുന്നോട്ടുപോയി. ചോദ്യം ചെയ്യലിന്റെ ഘട്ടത്തില്‍ കര്‍ത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഏജന്‍സിയുടെ മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെ ചോദ്യം ചെയ്യലിനിടെ താന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കര്‍ത്ത പറഞ്ഞതായും സഹോദരന്‍ നല്‍കിയ രേഖയിലുണ്ട്. കര്‍ത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 72 വയസ്സുള്ള ശശിധരന്‍ കര്‍ത്ത തീവ്രമായ ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ, ഗുരുതരമായ കിഡ്‌നി രോഗം എന്നിവയാല്‍ ബുദ്ധിമുട്ടുന്നയാളാണ്. ഈ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ചാണ് കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യല്‍ തുടര്‍ന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.
.jpg)

