മാസപ്പടി കേസ്; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ അപ്പീലുകള്‍ ഇന്ന് പരിഗണിക്കും
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജികൾ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.നേരത്തെ സമർപ്പിച്ച ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും ചില സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ച്, അവ തിരുത്തി ഫയൽ സമർപ്പിച്ച ശേഷം വാദം കേൾക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
തുടർന്ന് പിഴവുകൾ പരിഹരിച്ച് സമർപ്പിച്ച ഹർജികളിലാണ് ഇന്ന് വിശദമായ വാദം നടക്കുന്നത്.മാസപ്പടിയിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടിൽ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് കേസുകളുമെടുത്തത്.
.jpg)


