കാലവര്‍ഷം ഇത്തവണ നേരത്തേയെത്തും; മേയ് അവസാന വാരത്തോടെ സജീവമാകാൻ സാധ്യത

Monsoon will arrive early this year; likely to become active by the last week of May

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നിശ്ചയിച്ച സമയത്തിന് മുൻപേ എത്താൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നിന് എത്താറുള്ള കാലവർഷം ഇത്തവണ മേയ് അവസാന വാരത്തോടെ കേരളത്തില്‍ സജീവമായേക്കും.ഇതിന്റെ മുന്നോടിയായി ഈ ആഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളില്‍ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. മേയ് 20-ഓടെ അന്തമാനില്‍ എത്തേണ്ട മഴ ഇത്തവണ 15-ാം തീയതിയോടെ തന്നെ അവിടെ എത്തിയേക്കുമെന്നാണ് പ്രവചനം.

അതേസമയം മേയ് 13 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് വിവധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

Tags