300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ; ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി

BLM Investment Fraud: Crime Branch invokes Banning of Unregulated Deposit Schemes (BUDS) Act against Premkumar and his family; assets to be confiscated.

 സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. പ്രേംകുമാറും കുടുംബാംഗങ്ങളും ചേർന്ന് 300 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്നും, സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും സർക്കാർ വ്യക്തമാക്കി.

നേരത്തെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് നിരീക്ഷിച്ച് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രേംകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിനിടെ, മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും അറസ്റ്റിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് മുൻകൂർ ജാമ്യം തേടി പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

Tags