മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

Mohanlal is now Toofan Warrior; joins hands with Kerala Police to fight against drug abuse

തിരുവനന്തപുരം: ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍  ദ നാര്‍ക്കോ ഹണ്ടി' ന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയതാരം, മോഹന്‍ലാല്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായ ഐജി പുട്ട വിമലാദിത്യയുമായും കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികള്‍ക്ക് പിന്തുണ അറിയിച്ച അദ്ദേഹം, സമൂഹത്തിന്റെ എല്ലാ മേഖലകളെയും പങ്കാളികളാക്കുന്ന ജനകീയ മുന്നേറ്റമെന്ന് ഓപ്പറേഷന്‍ തൂഫാനെ വിശേഷിപ്പിച്ചു.

ലഹരിമാഫിയക്കെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികള്‍ സ്വീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും താരം അഭിനന്ദിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരിയുടെ അപകടവലയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ മാതാപിതാക്കളുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ രൂപകല്‍പ്പന ചെയ്ത 'Say No to Drugs' എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ രൂപരേഖ മോഹന്‍ലാല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷന്‍ ഇതിനോടകം തന്നെ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങളുമായി തുടര്‍ന്നും പരിപൂര്‍ണ്ണമായി സഹകരിച്ച് മുന്നോട്ടുപോകും എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ തൂഫാന് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും സഹകരണവും പ്രതീക്ഷ നല്‍കുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മോഹന്‍ലാലിനെ പോലെ ജനങ്ങള്‍ നെഞ്ചേറ്റിയ ഒരു താരം ഈ ദൗത്യത്തിന് പിന്തുണ നല്‍കുന്നത് ഓപ്പറേഷന്‍ തൂഫാന് പുതിയ ഊര്‍ജ്ജം പകരും. സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്ന അദ്ദേഹത്തെപ്പോലെ ഒരാള്‍ ദൗത്യത്തിനൊപ്പം നില്‍ക്കുന്നത് ലഹരിക്കെതിരെ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കും. ഓപ്പറേഷന്‍ തൂഫാന്‍ താല്‍ക്കാലിക നടപടിയല്ലെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ കൂടുതല്‍ ശക്തമായും വ്യാപകമായും ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്നും, പൊതുജന പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും 'തൂഫാന്‍ വാറിയേഴ്‌സ്' രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ ശക്തി ജനപങ്കാളിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഹരിക്കടത്ത് തടയുന്നതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ഏകോപിത സംവിധാനവും ദേശീയ ഏജന്‍സികളുടെ സഹകരണവും ഉറപ്പുവരുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കര, നാവിക, വ്യോമസേനകള്‍, കോസ്റ്റ് ഗാര്‍ഡ്, വിമാനത്താവള-തുറമുഖ അധികാരികള്‍ എന്നിവരുമായി സഹകരിച്ചുള്ള ശക്തമായ പ്രതിരോധ ശൃംഖല സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിമുക്ത സമൂഹത്തിനായുള്ള ഈ ജനകീയ മുന്നേറ്റത്തില്‍ മോഹന്‍ലാലിനെപ്പോലുള്ള ദേശീയ-അന്തര്‍ദേശീയ സ്വീകാര്യതയുള്ള വ്യക്തിത്വത്തിന്റെ പങ്കാളിത്തം ദൗത്യത്തിന് കൂടുതല്‍ കരുത്തും ജനപിന്തുണയും നല്‍കുമെന്ന് ഐജി പുട്ട വിമലാദിത്യ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഈ മാതൃക രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയുടെ ഭാഗമായി ആഭ്യന്തരമന്ത്രി മോഹന്‍ലാലിന് 'I AM A TOOFAN WARRIOR' ബാഡ്ജ് സമ്മാനിച്ചു. ബാഡ്ജ് ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരള പോലീസ് നടത്തുന്ന ഈ ചരിത്ര ദൗത്യത്തില്‍ സര്‍വ്വപിന്തുണയും നല്‍കി മുന്നോട്ടുള്ള വഴികളില്‍ ഒപ്പം ഉണ്ടാകും എന്ന് ഉറപ്പുനല്‍കി.

Tags