തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ ഉദ്യോഗസ്ഥരും കാക്കിധാരികളും കണ്ടുപഠിക്കണം : എം.എം. മണി

നെടുങ്കണ്ടം: തമിഴ്നാട്ടിലെ പൊലീസും വനംവകുപ്പും റവന്യൂ ഉദ്യോഗസ്ഥരും അവരുടെ നാടിനോട് കാണിക്കുന്ന കൂറ് ഇവിടുത്തെ ഉദ്യോഗസ്ഥരും കാക്കിധാരികളും കണ്ടുപഠിക്കണമെന്നും അവർക്ക് ദക്ഷിണവെക്കണമെന്നും എം.എം. മണി എം.എൽ.എ.
കമ്പംമെട്ട് സംയോജിത ചെക്ക്പോസ്റ്റ് ഉദ്ഘാടന വേദിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥർക്ക് നാടിനോട് കൂറില്ല.
അതിർത്തിയിലെ തമിഴ്നാടിെൻറ കടന്നുകയറ്റം തടയാൻ ഇവർ ഒന്നും ചെയ്യുന്നില്ല. കേരള തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റിൽ കരിയില അനങ്ങിയാൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ എത്തും. ഇവിടുത്തെ ഉദ്യാഗസ്ഥർക്ക് കാശുകിട്ടുന്നിടത്തുനിന്ന് വാങ്ങാൻ മാത്രമാണ് താൽപര്യം.
നിലപാട് മാറ്റിയില്ലെങ്കിൽ അതിർത്തി ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ മുഴുവൻ കാസർകോട്ടേക്ക് സ്ഥലം മാറ്റണം. പണിചെയ്യുന്നവരെ ഇവിടെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.