സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് അപ്രതീക്ഷിതവും ശക്തവുമായ തിരിച്ചടി, പക്ഷേ തിരിച്ചു വരും ; എം.എം. മണി
സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് അപ്രതീക്ഷിതവും ശക്തവുമായ തിരിച്ചടിയാണെന്ന് എം.എം. മണി തുറന്നുസമ്മതിച്ചു. ഉടുമ്പൻചോലയിലടക്കം വോട്ടുകൾ കുറയാനുണ്ടായ സാഹചര്യം പാർട്ടി വിശദമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും തോറ്റതുകൊണ്ട് തങ്ങൾ ഇല്ലാതാകില്ലെന്നും പറഞ്ഞ മണി, മുണ്ടും മടക്കിക്കുത്തി പഴയതിനേക്കാൾ ആവേശത്തോടെ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകളില്ലെന്നും സംസ്ഥാനമൊട്ടാകെയുള്ള രാഷ്ട്രീയ തരംഗമാണ് മണ്ഡലത്തിലും പ്രതിഫലിച്ചതെന്നും അദ്ദേഹം നിരീക്ഷിച്ചു. ജനം തങ്ങളെ തെറ്റിദ്ധരിച്ചതാകാം എന്നും അവരുടെ ചിന്താഗതിയിലെ മാറ്റങ്ങൾ പരിശോധിക്കുമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തോടുള്ള തന്റെ പതിവ് ശൈലിയിലുള്ള വിമർശനവും അദ്ദേഹം ഇത്തവണയും ഒഴിവാക്കിയില്ല.
യുഡിഎഫിനുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച മണി, വോട്ടെണ്ണിക്കഴിയും മുൻപേ അധികാരത്തിനായി തർക്കിക്കുന്നവരെ വിജയിപ്പിച്ചവർ വിഡ്ഢികളാണെന്ന് അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ നാട് നശിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ പോരാട്ടം തുടരുമെന്നും എല്ലാ പ്രതിസന്ധികളെയും നേരിടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
.jpg)

