നായനാരും ലീഡറും സീതിഹാജിയും എംവി ആറും പരത്തിയ 'രാഷ്ട്രീയത്തിലെ ചിരി'യുടെ സുഗന്ധം ; ഓർത്തെടുത്ത് പി കെ ബഷീർ എംഎൽഎ
ഹാസ്യ പ്രയോഗങ്ങൾക്ക് പേരുകേട്ട കേരള നിയമസഭയിലെ സാമാജികനായിരുന്ന സീതി ഹാജിയെക്കുറിച്ച് സരസ പ്രയോഗത്തിന് പ്രശസ്തനായ മറ്റൊരു എംഎൽഎ ലോനപ്പൻ നമ്പാടൻ പറയാറുണ്ടായിരുന്ന ഒരു കഥ സീതി ഹാജിയുടെ മകൻ പി കെ ബഷീർ എംഎൽഎ ഇങ്ങനെ പറഞ്ഞു: വാപ്പ എറണാകുളത്ത് ബസിൽ സഞ്ചരിക്കുകയാണ്. യാത്രക്കാർ ടിക്കറ്റ് എടുക്കുമ്പോൾ ഒരാൾ മേനക എന്നും മറ്റൊരാൾ കവിത എന്നും മൂന്നാമതൊരാൾ ഷേണായീസ് എന്നും പറഞ്ഞു. തന്റെ ഊഴമെത്തിയപ്പോൾ കണ്ടക്ടറോട് സീതിഹാജി പറഞ്ഞു, "ഒരു സീതി ഹാജി".
tRootC1469263">നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം ദിവസം 'രാഷ്ട്രീയത്തിലെ ചിരി' എന്ന സെഷനിൽ പി കെ ബഷീർ എംഎൽഎ ഇത് പറഞ്ഞപ്പോൾ സഹ പാനലിസ്റ്റുകളായ കെ മുരളീധരനും പന്ന്യൻ രവീന്ദ്രനും സി പി ജോണും പൊട്ടിച്ചിരിച്ചു. സീതി ഹാജിയുടെ പേരിൽ അദ്ദേഹം പറഞ്ഞതും പറയാത്തതുമായ ഇത്തരം നിരവധി തമാശ കഥകൾ ഉണ്ടെന്ന് ബഷീർ പറഞ്ഞു. "ഉണ്ടാക്കി പറഞ്ഞാലും താൻ കാരണം ആരെങ്കിലും ചിരിക്കുന്നുണ്ടെങ്കിൽ ചിരിച്ചോട്ടെ എന്നായിരുന്നു വാപ്പയുടെ നിലപാട്."

മുഖ്യമന്ത്രിയായിരിക്കുമ്പോൾ 'മുഖ്യമന്ത്രിയോട് ചോദിക്കാം' എന്ന പരിപാടിയിൽ നായനാർക്ക് വന്ന ഒരു കുട്ടിയുടെ ഫോൺ വിളി മോഡറേറ്ററായ നിഷാന്ത് എം വി പങ്കുവെച്ചു. കുട്ടി നായനാരോട് ഞാൻ വിദ്യാർത്ഥിയാണെന്നും സ്കൂളിൽ അധ്യാപകർ ഇല്ലെന്നും പരാതി പറഞ്ഞു. ഉടൻ നായനാരുടെ ചോദ്യം, "അധ്യാപകർ ഇല്ലാതെ ഞ്ഞി എങ്ങനെ വിദ്യാർത്ഥിയായെടോ..."
മുന്നിൽ ഇരിക്കുന്ന ആളുകളെ പോലും സ്വതസിദ്ധമായ രീതിയിൽ നായനാർ കളിയാക്കിയിട്ടും ജനം അത് ആസ്വദിച്ചു ചിരിച്ചത് ജനങ്ങളും ഒരു നേതാവും തമ്മിലുള്ള യഥാർത്ഥ ആത്മബന്ധമാണെന്ന് പന്ന്യൻ ചൂണ്ടിക്കാട്ടി. കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ സഭയിലെ അഞ്ചു പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത അനുഭവം കെ മുരളീധരൻ ഓർത്തെടുത്തു. "മുഖ്യമന്ത്രി എംഎൽഎ മാരുടെ പേരുകൾ വായിക്കാൻ തുടങ്ങുമ്പോൾ ഒരു പ്രതിപക്ഷ എംഎൽഎ ആ പേപ്പർ തട്ടിക്കൊണ്ടുപോയി. ഉടൻ തന്റെ ജുബ്ബയുടെ കീശയിൽ നിന്ന് നേരെത്തെ കരുതിയ മറ്റൊരു പേപ്പർ എടുത്തു അച്ഛൻ പേരുകൾ വായിച്ചു. തുടർന്ന് ഭരണപക്ഷത്തെ എംഎൽഎമാരോട് പറഞ്ഞു. "അവന്മാരുടെ ഒരു അഭ്യാസവും
എന്റെ അടുത്ത് നടക്കില്ല. പക്ഷെ, എന്റെ കണ്ണട നിങ്ങൾ നോക്കിക്കോണം. കണ്ണട പോയാൽ എനിയ്ക്ക് വായിക്കാൻ പറ്റില്ല".
പ്രസംഗിക്കുമ്പോൾ ചിരിക്കുകയേ ചെയ്യാത്ത എം വി രാഘവൻ പക്ഷേ മൈക്കിനു മുന്നിൽ എത്തിയാൽ ജനം പൊട്ടിച്ചിരിച്ചതിനെക്കുറിച്ചും ജോൺ പറഞ്ഞു. "പക്ഷേ എംവിആറുമൊത്ത് സിനിമയ്ക്ക് പോകാൻ പറ്റില്ല. അക്കാലങ്ങളിൽ എല്ലാ ശനിയാഴ്ചയും സെക്കൻഡ് ഷോ യ്ക്കാണ് ഞങ്ങൾ സംഘമായി പോവുക. അധികം തമാശ ഇല്ലാത്ത രംഗം വരുമ്പോൾ പോലും തിയേറ്ററിൽ ഒരാൾ മാത്രം പൊട്ടിചിരിക്കുന്നുണ്ടാവും-എംവിആർ. 'വെള്ളാനകളുടെ നാട്' കാണുമ്പോളൊക്കെ ഇത് ഉണ്ടായിട്ടുണ്ട്," ജോൺ പറഞ്ഞു.
എൽപി വിദ്യാഭ്യാസം മാത്രമുള്ള പിതാവ് സീതിഹാജി സഭയിൽ താൻ എൽപി ആണെന്ന് പറയുമായിരുന്നു എന്ന് പി കെ ബഷീർ പറഞ്ഞു. പക്ഷെ സീതി ഹാജിയ്ക്ക് എൽപി ലോവർ പ്രൈമറി അല്ല 'ലോകപരിചയം' ആണ്.

ലോക്ഡൗൺ കാലത്ത് ഇറച്ചി കടയും മീൻ കടയും തുറക്കാൻ പറ്റില്ല പക്ഷേ ഹോട്ടൽ തുറക്കാമെന്ന ഇടതു സർക്കാർ തീരുമാനത്തെ 'വൈരുദ്ധ്യാത്മക ലോക്ഡൗൺ' എന്ന് സഭയിൽ താൻ കളിയാക്കിയതും ബഷീർ പറഞ്ഞു.
"അപ്പപ്പോൾ പ്രതികരിക്കുമ്പോഴാണ് തമാശ വരുന്നത്. തയ്യാറെടുത്തു വന്നു തമാശ പറയാൻ കഴിയില്ല," എന്ന് ബഷീർ പറഞ്ഞതിനോട് കെ മുരളീധരൻ യോജിച്ചു.
പുതിയ കാലത്ത് തമാശ പറയുമ്പോൾ പൊളിറ്റിക്കൽ കറക്റ്റ്നെസ് ഉണ്ടാകണമെന്നും പറയുന്ന വിഷയവുമായി ബന്ധപ്പെട്ടിരിക്കണമെന്നും പന്ന്യൻ ഓർമിപ്പിച്ചു.
ഇന്ന് സോഷ്യൽ മീഡിയ വ്യാപകമായതോടെ എതിർ പാർട്ടി നേതാവിന്റെ സൗഹൃദ സദസിൽ പോയാൽ കമൻറ് ബോക്സിൽ തെറി വിളി കേൾക്കുന്ന കാലമാണെന്ന് മുരളീധരൻ പറഞ്ഞു.
തമാശ വളരെ ഗൗരവമുള്ളതാകുന്നതായി സി പി ജോൺ ചൂണ്ടിക്കാട്ടി. ഇന്ന് തോന്നുന്ന തമാശ നാളെ തമാശ ആകണമെന്നില്ല. അതുപോലെ പഴയ തമാശ കേട്ടാൽ ഇന്ന് ചിരിക്കാനും കഴിയണമെന്നില്ല. തമാശയ്ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധി മനസിലാക്കണമെന്ന് പി കെ ബഷീർ കൂട്ടിച്ചേർത്തു.
.jpg)


