ബ്രഹ്മപുരം വിളിച്ചുവരുത്തിയ വിപത്ത് : പ്രഫ. എം.കെ. സാനു

കൊച്ചി: ബ്രഹ്മപുരം വിളിച്ചുവരുത്തിയ വിപത്തെന്ന് പ്രഫ. എം.കെ. സാനു. ഒരാഴ്ചയായി ഈ പുക എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ വിഷപ്പുക ഇവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞുവെന്നത് സംശയമില്ലാത്ത കാര്യമാണ്.
കൊച്ചിയിൽ മാലിന്യം വൻ വിപത്തായി മാറിയിട്ട് കുറെ കാലമായി. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനം ഉപയോഗിച്ച് മാലിന്യം സംസ്കരിച്ച് വളമുൾപ്പെടെയുള്ള പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുകയാണ് മാലിന്യമെന്ന വിപത്തിനെ നേരിടാനുള്ള മാർഗം. ഈ സാധ്യത നമ്മുടെ സർക്കാറുകൾ ഉപയോഗപ്പെടുത്താഞ്ഞതാണ് ഇപ്പോൾ ഈ ജനതയെ ഇത്തരമൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടത്.
ഇത്തരമൊരു വിപത്ത് വിളിച്ചുവരുത്തിയതിന് നാട് ഭരിക്കുന്ന ഭരണാധികാരികൾ തന്നെയാണ് കുറ്റക്കാർ. മുമ്പ് ഭരിച്ചവരും ഇപ്പോൾ ഭരിക്കുന്നവരും അതിൽ പ്രതികളാണെന്നും എം.കെ സാനു കുറിച്ചു.