മിഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിനത്തിലേക്ക്, ഉടന്‍ മയക്കുവെടിവെച്ചേക്കും

chakkakomban

ആനയെ പടക്കംപൊട്ടിച്ച് നീക്കില്ലെന്നും സ്വമേധയാ ആന നീങ്ങുന്നതിനായി കാത്തിരിക്കുന്നുവെന്നും സിസിഎഫ് വ്യക്തമാക്കി.

കട്ടപ്പന: ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്. ദൗത്യം ഇന്ന് പുനരാംരംഭിച്ചിട്ടുണ്ട്. ചക്കക്കൊമ്പന്‍ നിലവില്‍ നടുത്തുരുത്തി ഭാഗത്താണ്.മയക്കുവെടി സംഘം ആനയുടെ സമീപത്തെത്തിയെന്നാണ് വിവരം.

ഇടികുഴിയിൽ നിന്നും ആന ജലാശയത്തിന്റെ അരികിലേക്ക് നീങ്ങാതിരിക്കാൻ ദൗത്യസംഘം ശ്രമിക്കുന്നുണ്ട്.പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് ആന പോയാൽ മയക്കുവെടി വയ്ക്കൽ പ്രായോഗികല്ലെന്ന് സിസിഎഫ് വിശദമാക്കി. ആന അങ്ങോട്ടേക്ക് പോകാതിരിക്കാൻ ശ്രമം തുടരുന്നു.

നടുത്തുരുത്തിയിൽ നിന്ന് 301 കോളനിയിലേക്ക് ആന എത്തിയെങ്കിലേ ദൗത്യം നടക്കൂ, ആനയെ പടക്കംപൊട്ടിച്ച് നീക്കില്ലെന്നും സ്വമേധയാ ആന നീങ്ങുന്നതിനായി കാത്തിരിക്കുന്നുവെന്നും സിസിഎഫ് വ്യക്തമാക്കി.

ആന അക്രമകാരി ആകുന്നതും മയക്ക് വെടിവയ്ക്കാന്‍ അനുയോജ്യമായ സ്ഥലത്ത് എത്താത്തതുമാണ് കഴിഞ്ഞ രണ്ട് ദിവസവും വെല്ലുവിളിയായത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

Tags