മിഷന്‍ ചക്കക്കൊമ്പന്‍: എല്ലാം സജ്ജം; ചിന്നക്കനാലില്‍ നിരോധനാജ്ഞ

chakka komban

വയനാട്ടില്‍നിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.

ചിന്നക്കനാലില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച രാവിലെ ആറിന് ആരംഭിക്കും. നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന വനംവകുപ്പിന്റെ സംഘമാണ് ചക്കക്കൊമ്പന്‍ ദൗത്യത്തിനായി ചിന്നക്കനാലില്‍ സജ്ജരായിരിക്കുന്നത്. വയനാട്ടില്‍നിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.

ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേര്‍ന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും സംഘം ചേര്‍ന്ന് ഒത്തുചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട് .

ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികള്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം. കാട്ടാനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടരുത്. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Tags