മിഷന്‍ ചക്കക്കൊമ്പന്‍ വൈകും: ആനയിറങ്കല്‍ ഡാമിന്റെ മറുകരയിലേക്ക് ആന നീന്തിക്കയറി
ആന തിരികെയെത്തും വരെ കാത്തിരിക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.
ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം വൈകും. ആനയിറങ്കല്‍ ഡാമിന്റെ മറുകരയിലേക്ക് ആന നീന്തിക്കയറി. അവിടെ വച്ച് മയക്കുവെടി വക്കാന്‍ അനുയോജ്യം അല്ല. ആന തിരികെയെത്തും വരെ കാത്തിരിക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.
രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവും സജ്ജമാണ്. 301 കോളനിയിലെ ആളൊഴിഞ്ഞ ഭാഗം, അല്ലെങ്കില്‍ അരിക്കൊമ്പനെ പിടികൂടിയ സിമന്റ് പാലം എന്നിവിടങ്ങളിലാണ് ചക്കക്കൊമ്പനെ സുരക്ഷിതമായി മയക്ക് വെടിവെക്കാന്‍ അനുയോജ്യം എന്നാണ് വനം വകുപ്പിന്റെ നിഗമനം.
80 ഏക്കറിന്റെ സമീപം ഊട് തേരിയിലുള്ള ചോല വനത്തിലാണ് ചക്കക്കൊമ്പന്‍ നിലവിലുള്ളത്. ഇന്ന് വൈകിട്ടോടെ ദൗത്യ മേഖലയിലേക്ക് ചക്കക്കൊമ്പനെ എത്തിക്കാന്‍ ശ്രമം നടത്തും. അതേസമയം റേഡിയോ കോളര്‍ ഘടിപ്പിച്ച് ചിന്നക്കനാല്‍ തന്നെ വിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്.
0000000000000000000000
.jpg)

