'ഉത്തരക്കടലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ച' ; വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുതെന്ന് വി. ഡി സതീശൻ

 VD Satheesan
 VD Satheesan

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് കാണാതായത് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുതെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഇത് കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്. മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടി വെക്കാനാണ് സർവകലാശാല ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരീക്ഷ വീണ്ടും എഴുതണമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ഫല പ്രഖ്യാപനം വൈകുന്നതിനാല്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. അടിയന്തിര നടപടി സ്വീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും തയ്യാറാകണമെന്നും വിഡി സതീശൻ പറഞ്ഞു.

Tags