പരാതികൾ പരിഹരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്: മന്ത്രി വി എൻ വാസവൻ


ഇടുക്കി : പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുതെന്ന് മന്ത്രി വി.എൻ വാസവൻ. കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്തല അദാലത്തിൽ കുമ്മംകല്ല് ബി.ടി.എം എൽ പി സ്കൂളിന് പുതിയ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. ശോച്യാവസ്ഥയിലായ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ആരോപണം. രേഖകൾ പരിശോധിച്ച മന്ത്രി പരാതി പരിശോധിച്ച് നിയമവിധേയമായി തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മുൻപ് സ്കൂളിന് ഫിറ്റ്നസ് നൽകാത്തതിൻ്റ പേരിൽ അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ മാനേജ്മെൻ്റ് വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ബിൽഡിംഗ് പെർമിറ്റ് നൽകാതെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് മാനേജ്മെൻ്റ് മന്ത്രിയെ അറിയച്ചത്.1979 ൽ ആരംഭിച്ച ബി.ടി.എം എൽപി സ്കൂളിൽ നിലവിൽ 140 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.